വ്യാവസായിക വിപ്ലവങ്ങള്‍
2015 ലാണ് World Economic Forum ൻ്റെ ചെയർമാനായ പ്രൊ.ക്ളോസ് ഷ്വാബ് (Prof. Klaus Schwab) ലോകം നാലാം വ്യാവസായിക വിപ്ലവത്തിൻ്റെ പടിവാതിൽക്കലാണ് എന്ന് പ്രഖ്യാപിച്ചത്. ആ പദപ്രയോഗത്തെ കുറിച്ച് ചിലർക്കൊക്കെ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു എന്നതു സത്യം. നമുക്കറിയാം, ഒന്നാം വ്യവസായിക വിപ്ലവം എന്നാൽ ഒഴുകുന്ന വെള്ളത്തിൻ്റെ ഊർജ്ജം ഉപയോഗിച്ച് ഉൽപ്പാദനം നടത്തിയതും ആവിയന്ത്രത്തിൻ്റെ കണ്ടുപിടിത്തവുമാണ്. പവർ ലൂം അതിൻ്റെ ഒരു പ്രധാന ഘടകവുമാണ്. വൈദ്യുതി ഉപയോഗിച്ച് യന്ത്രവൽക്കരണം നടത്തിയതാണ് രണ്ടാം വ്യാവസായിക വിപ്ലവത്തിൻ്റെ സവിശേഷത. മൂന്നാം വ്യവസായിക വിപ്ലവമാണ് വിവര സാങ്കേതിക വിദ്യയും (IT) വിനിമയ സാങ്കേതിക വിദ്യയും. നാലാം വ്യാവസായിക വിപ്ലവത്തിലുള്ളത് സൈബർ, കായികം, ജീവശാസ്ത്രപരം എന്നീ മൂന്ന് ഘടകങ്ങളുടെ സമ്മിശ്രമാണ്. ഈ മൂന്ന് മണ്ഡലങ്ങളുടെ
ഏകോപനത്തിൻ്റെ ഫലമാണ് ഇൻഡസ്ട്രി 4.0. 18, 19 നൂറ്റാണ്ടുകളിലാണ് ഒന്നാം വ്യാവസായിക വിപ്ലവം. അതുവരെ കൈത്തൊഴിലിൽ നിന്ന് സൃഷ്ടിച്ചിരുന്ന ഉപകരണങ്ങളിൽ നിന്നും ഉൽപ്പന്നങ്ങളിൽ നിന്നും വ്യത്യസ്തമായി ഫാക്ടറി സംവിധാനത്തിൻ്റെ ഭാഗമായി ഒഴുകുന്ന വെള്ളത്തിൻ്റെയും ആവിയന്ത്രത്തിൻ്റെയും ഊർജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങൾ ഉപയോഗിച്ച് വസ്ത്രനിർമ്മാണം നടത്തുന്നതടക്കം ആരംഭിച്ചു. ഗ്രാമപ്രദേശങ്ങളിൽ നിന്ന് ആൾക്കാർ നഗരത്തിലെത്തി. അതിനുതകുന്ന രീതിയിൽ വാർത്താവിനിമയ രംഗത്ത് ടെലിഗ്രാഫ് സാങ്കേതികവിദ്യയും ഗതാഗതരംഗത്ത് തീവണ്ടിയും അതിനാവശ്യമായ റെയിൽവേ ലൈനുകളും
സൃഷ്ടിക്കപ്പെട്ടു. ബാങ്കിംഗ് സംവിധാനം ആവിര്‍ഭവിച്ചു. ഈ കാലഘട്ടത്തെയാണ് ഒന്നാം വ്യാവസായിക വിപ്ലവമെന്ന് പറയുന്നത്.
രണ്ടാം വ്യാവസായിക വിപ്ലവം 1870 മുതൽ 1914 വരെയുള്ള കാലഘട്ടമാണ്. യന്ത്രങ്ങൾ അടിസ്ഥാനമാക്കിയ ഫാക്ടറി മാതൃകയിലുള്ള സംവിധാനത്തെ ടെയ്ലറിസത്തിൻ്റെയും ഫോർഡിസത്തിൻ്റെയും സങ്കേതങ്ങൾ ഉപയോഗിച്ച് time and motion പഠനങ്ങളിലൂടെ
അസംബ്ലി ലൈനുകൾ വഴി ചിട്ടയായ ഉൽപ്പാദന വർദ്ധനവ് (continuous flow production) സാദ്ധ്യമായി. അതുവഴി മാനവശേഷി കൂടുതൽ ഫലപ്രദമായി ഉൽപാദനത്തിന് ഉപയോഗിക്കാൻ കഴിഞ്ഞു. മാനവശേഷിയെ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റുന്നതിനുള്ള
അന്വേഷണങ്ങളും ഈ കാലഘട്ടത്തില്‍ തുടങ്ങി. വൈദ്യുതി പ്രധാനപ്പെട്ട ഊർജ്ജരൂപമായി മാറി. വൈദ്യുതി മോട്ടറും ചുട്ടുപഴുക്കുന്ന വിളക്കും പ്ലാസ്റ്റിക്കുകളും റബ്ബറും ഉൽപ്പാദനത്തെ രൂപാന്തരപ്പെടുത്തി. രാസവളങ്ങളും കീടനാശിനികളും വൻതോതിൽ കൃഷിയെ മാറ്റിമറിച്ചു. പാസ്ച്ചറൈസേഷനും ശീതീകരണവും ഭക്ഷ്യസംസ്ക്കരണ രംഗത്തെ ഗണ്യമായി മാറ്റി. ഔഷധവ്യവസായവും ആന്റി ബയോട്ടിക്സും ഡിസിൻഫെക്റ്റന്റുകളും ആന്റിസെപ്റ്റിക്കുകളുമെല്ലാം ആരോഗ്യസേവന രംഗത്തേയും വലിയ തോതിൽ മാറ്റി. ടെലിഫോൺ ആ കാലഘട്ടത്തിലെ വിനിമയ സങ്കേതമായും മാറി. മൂന്നാം വ്യാവസായിക വിപ്ലവം നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിനു തൊട്ടുമുമ്പുളള, 1960 മുതൽ 1990 വരെയുള്ള കാലഘട്ടമാണ്. വിവരസാങ്കേതികമെന്നോ ഡിജിറ്റൽ അല്ലെങ്കിൽ കമ്പ്യൂട്ടർ വിപ്ലവം എന്നോ ഒക്കെ ഇതിനെ പറയാം. 1960കളിലുണ്ടായ IBM മെയ്ൻഫ്രയിം യുഗം ഇന്നും അതിൻ്റെ സ്വാധീനം ചെലുത്തുന്നു. ലോകത്തെ നൂറ് വലിയ ബാങ്കുകളുടെ 90 ശതമാനവും ഫോർച്യൂൺ 500 കമ്പനികളുടെ 90 ശതമാനവും ഇപ്പോഴും മെയ്ൻഫ്രെയിമാണ് ഉപയോഗിക്കുന്നത്. ക്രെഡിറ്റ് കാർഡ് ഇടപാടുകളുടെ 100 ശതമാനവും ഇപ്പോഴും മെയ്ൻഫ്രയിമിനെ ആശ്രയിക്കുന്നു. 1980കൾ
പേഴ്സണൽ കമ്പ്യൂട്ടർ യുഗമായിരുന്നു. ആ കാലഘട്ടത്തിൻ്റെ ഭാഗമായാണ് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും അതിൻ്റെ ഭാഗമായി വേർഡ് പ്രോസസ്സിംഗ്, സ്പ്രെഡ്ഷീറ്റ് തുടങ്ങി ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്ന സഹായികളുമുണ്ടായത്. 80കളുടെ അവസാനം ഡെസ്ക് ടോപ്പുകളെയും ലാപ്ടോപ്പുകളെയും ശക്തമായ സെർവറുകളുമായി ബന്ധിപ്പിക്കുന്ന ക്ലയന്റ് സെർവർ കമ്പ്യൂട്ടിംഗ് സേവനങ്ങളുടെ കാലഘട്ടമായിരുന്നു. തൊണ്ണൂറുകളിലാകട്ടെ, ഇത്തരം വ്യതിരിക്തമായ നെറ്റ്വർക്കുകളെ ഒരൊറ്റ ഇൻഫ്രാസ്ട്രക്ച്ചറിലേക്ക് മാറ്റുന്നതിന് കഴിയുന്ന രൂപത്തിൽ വൈഡ് ഏരിയ നെറ്റ്വർക്കുകളും അതോടൊപ്പം ആഗോള കമ്പ്യൂട്ടർ ശൃംഖലയായ ഇന്റർനെറ്റും world wide webഉം ഉദയം ചെയ്യുകയും ഇതിൻ്റെ ഫലമായി വിവരവിന്യാസത്തിൻ്റെയും സേവനങ്ങളുടെയും സേവനലഭ്യതയുടെയും കാര്യത്തിൽ, കച്ചവടം നടക്കുന്ന രൂപത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്തു. ഓഫീസ് നടത്തിപ്പ് സംവിധാനങ്ങളെയും ഭരണസംവിധാനങ്ങളെയും ഗണ്യമായി മാറ്റിയ കമ്പ്യൂട്ടിങ്, തീരുമാനങ്ങൾ എടുക്കുന്നതിൽ ഒരു നിർണ്ണായക ഘടകമായി മാറുന്ന കാലഘട്ടം കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ വളർച്ചയുടെ ഭാഗമായി ഉണ്ടായി. ഇതോടൊപ്പം ഉൽപ്പാദന രംഗത്ത് programmable logic controllers കമ്പ്യൂട്ടറിൻ്റെ central processing unitകളായുള്ള മൈക്രോപ്രോസസ്സറുകൾ ഉപയോഗിച്ചുകൊണ്ട് ഇൻഡസ്ട്രിയൽ ഓട്ടോമേഷനു വേണ്ടി സെൻസറുകളുടെ വിവരങ്ങൾ ഏകോപിപ്പിക്കുകയും ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപ്പപ്പോൾ തന്നെ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന രീതിയിലും വ്യവസായ രംഗം പുരോഗമിച്ചു. അതിനുശേഷം സ്റ്റീൽ, ഗ്ലാസ്, സിമന്റ് എന്നിവയുടെയൊക്കെ നിർമ്മാണത്തിലേക്ക് വ്യാപിച്ച് ആധുനിക കൺവെയെർ സംവിധാനങ്ങളും സ്വയം പ്രേരിത അസ്സംബ്ലി ലൈനുകളും ആവിർഭവിച്ചു. ഇതും മൂന്നാം വ്യാവസായിക വിപ്ലവത്തിൻ്റെ പ്രധാനപ്പെട്ട അടിത്തറയാണ്. മൂന്നാം വ്യാവസായിക വിപ്ലവത്തിൻ്റെ മറ്റൊരു പ്രധാന ഘടകം microminiaturisation – ENIAC എന്ന കമ്പ്യൂട്ടർ മുത്തശ്ശിയിൽ നിന്ന് ഐഫോണിലേക്കുള്ള പരിണാമമാണ്. 175 kW ഉപയോഗിച്ച് 25 ടൺ ഭാരമുള്ള, 3 ബെഡ്റൂം ഫ്ലാറ്റിൻ്റെ വിസ്തീര്‍ണത്തില്‍ 17468 വാക്വം ട്യൂബുകൾ ഉപയോഗിച്ചിരുന്ന ENIACൽ നിന്ന് 800 Mwഉം 170 ഗ്രാം ഭാരവുമുള്ള 180 ചതുരശ്ര സെ.മീ വലിപ്പമുള്ള, 430 കോടി ട്രാന്സിസ്റ്ററുകൾ പ്രവർത്തിക്കുന്ന ഐഫോണിലേക്കുള്ള മാറ്റം സാദ്ധ്യമായതാണ് മൈക്രോമിനിയേച്ചറൈസേഷൻ. Very Large-Scale Integrated Circuits (VLSI) വഴി നിരവധി ട്രാന്സിസ്റ്ററുകൾ അടങ്ങുന്ന ചിപ്പുകൾ സൃഷ്ടിക്കുന്ന സാങ്കേതികവിദ്യയുടെ അടിസ്ഥാനം ഫെയ്ർചൈൽഡ് കമ്പനിയുടെ R&D തലവനായിരുന്ന ഗോർഡൻ മൂർ മുന്നോട്ട് വച്ച Moore’s Law എന്നറിയപ്പെടുന്ന തത്വമാണ്. ഓരോ രണ്ടുകൊല്ലത്തിലും ചിപ്പ് സാങ്കേതികവിദ്യയുടെ ശേഷി ഇരട്ടിയാകും എന്നാണ് അദ്ദേഹം പ്രവചിച്ചത്. VLSI സർക്യൂട്ടുകൾ വഴി ട്രാൻസിസ്റ്ററുകളുടെ സാന്ദ്രത കൂട്ടാമെന്നും ഒരു ചിപ്പിലെ ഏതാനും ചതുരശ്ര സെന്റിമീറ്ററിൽ എത്രആയിരം ട്രാൻസിസ്റ്ററുകളെ ഒതുക്കാനാകും എന്നതുമനുസരിച്ച് ഓരോ രണ്ടുകൊല്ലവും ചിപ്പിൻ്റെ ശേഷിയും വേഗതയും ഇരട്ടിക്കും എന്ന അദ്ദേഹത്തിൻ്റെ പ്രവചനം അടുത്ത കാലത്താണ് അവാസ്തവമായി മാറിയത്. ട്രാൻസിസ്റ്ററുകളുടെ വലിപ്പം തന്മാത്രകളുടെ വലിപ്പത്തിനു സമാനമാകുന്ന ഘട്ടമെത്തില് മൈക്രോമീറ്ററിൽ നിന്ന് നാനോമീറ്ററിലേക്ക് മാറേണ്ടി വന്നപ്പോഴാണ് മൂർസ് ലോ അവാസ്തവമായി ഭവിച്ചത്. അതുവരെ microminiaturisationൻ്റെ പ്രഭാവം അതുപോലെ തുടരാൻ കഴിഞ്ഞു. നാലാമത്തെ ഘടകം digitisationഉം digital compressionഉം ആണ്. പ്രകൃതിയിൽ സാധാരണഗതിയിൽ കാണുന്ന സിഗ്നലുകൾക്കും ശബ്ദങ്ങൾക്കും ഒരു തുടർച്ചയുണ്ട്. അവയെ പൊതുവിൽ നമ്മൾ കണക്കാക്കുന്നത് analog signals എന്നാണ്. അതിൽ നിന്ന് വ്യത്യസ്തമായി രണ്ടേരണ്ടു തലങ്ങൾ – കറുപ്പും വെളുപ്പും, പൂജ്യവും ഒന്നും ഉള്ള സിഗ്നലുകളായി മാറുമ്പോഴാണ് അവയെ ഡിജിറ്റൽ സിഗ്നലുകൾ എന്ന് പറയുന്നത്. അനലോഗ് സിഗ്നലുകളെ ഡിജിറ്റൽ സിഗ്നലുകളാക്കി മാറ്റുന്നതാണ് ഡിജിറ്റൈസേഷൻ. അത് വിവരത്തെ- അത് ശബ്ദമാകാം, വീഡിയോ ചിത്രമാകാം- ഒന്നിൻ്റെയും പൂജ്യത്തിൻ്റെയും ശ്രേണിയാക്കി മാറ്റുന്ന പ്രക്രിയയാണ്. അതിൻ്റെ കൂടെവരുന്ന സാങ്കേതികവിദ്യ, ഇത്തരം നിരവധി ശ്രേണികൾ ഒരുമിച്ചുചേർത്ത് സിഗ്നലുകളായി അയയ്ക്കുമ്പോൾ വിവരവിനിമയ പ്രക്രിയയിൽ ഈ ശ്രേണികളെ compress ചെയ്യാൻ പറ്റുന്ന സാങ്കേതിക വിദ്യയുടെ ആവിർഭാവമാണ്. അതിൻ്റെ ഫലമായി വിനിമയ ചെലവുകളിൽ ഗണ്യമായ കുറവുണ്ടായി. ഉദാഹരണത്തിന് ന്യൂയോർക്കിൽ നിന്ന് ലണ്ടനിലേക്ക് ചെയ്യുന്ന ഒരു 3 മിനിറ്റ് കോളിന് 1927ൽ 200 മണിക്കൂർ മനുഷ്യാദ്ധ്വാനവും 75 ഡോളർ ചെലവുമാകുമായിരുന്നെങ്കിൽ 1999ൽ അത് 12 മിനിറ്റിൻ്റെ മനുഷ്യാദ്ധ്വാനവും 30 സെന്റിൻ്റെxx ചെലവുമായി കുറഞ്ഞു. ആദ്യകാലത്തെ അനലോഗ് സംവിധാനങ്ങളെക്കാൾ മെച്ചപ്പെട്ട രീതിയിൽ വീഡിയോ, ഓഡിയോ സന്ദേശങ്ങൾ രേഖപ്പെടുത്താനും വിനിമയം ചെയ്യാനും കഴിയുന്ന രൂപത്തിൽ സെറ്റ്ടോപ്പ് ബോക്സുകളുടെ അടിസ്ഥാനത്തിലുള്ള ടിവി/ വീഡിയോ സങ്കേതങ്ങളും സിഡി അടിസ്ഥാനമായ ശബ്ദരേഖ സംവിധാനങ്ങളും വിനിമയ സംവിധാനങ്ങളും പുതുതായുണ്ടാക്കപ്പെട്ടു. ഇതോടൊപ്പം വേറൊരു പ്രധാനപ്പെട്ട പ്രതിഭാസം അച്ചടി, വീഡിയോ, വിവരം തുടങ്ങിയവയുടെ മേഖലകളിലുണ്ടായ മാറ്റമാണ്. ഇവയെല്ലാം വ്യത്യസ്തമായ വ്യവസായങ്ങളായാണ് പരിഗണിക്കപ്പെടുന്നത്. ന്യൂസ്പേപ്പർ വ്യവസായം, ടെലിവിഷന്‍ ഉൽപ്പാദനത്തിൻ്റെയും വിനിമയത്തിൻ്റെയും സംപ്രേക്ഷണത്തിൻ്റെയും വ്യവസായം, സംഗീതം തുടങ്ങി ശബ്ദസംവിധാനങ്ങളുടെ റേഡിയോ വ്യവസായം, ഡാറ്റ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യവസായം എന്നിങ്ങനെ വ്യത്യസ്തമായിരുന്ന മേഖലകൾ തമ്മിലുള്ള അന്തരം വേഗം ഇല്ലാതായി. ഇവയ്ക്കൊക്കെ subscription, പരസ്യം തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത ബിസിനസ്സ് ഡെലിവറി മാതൃകകളുണ്ടായി. ടെലിഫോൺ, ടെലിവിഷൻ, പത്രങ്ങൾ, ചാനലുകൾ എന്നിവയുടെ ബിസിനസ്സ് മാതൃകകളും അവയുടെ വിന്യാസസംവിധാനങ്ങളും അത് പിടിച്ചെടുക്കുന്ന ഉപകരണം, ഓഡിയോ റെക്കോർഡർ, വീഡിയോ റെക്കോർഡർ എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ ഉപകരണങ്ങൾക്ക് പകരം അവയെ ഒരു മൊബൈൽ ഫോണിലേക്ക് ഏകോപിപ്പിക്കുന്ന രൂപത്തിലേക്ക് മാറ്റം വളര്‍ന്നു. ഉപകരണത്തിൻ്റെ, വിന്യാസത്തിൻ്റെ, വ്യവസായ സംവിധാനത്തിൻ്റെ ബിസിനസ്സ് മാതൃകകളിലുണ്ടായ ഏകോപനത്തിന് പറയുന്ന പേരാണ് convergence. ഇന്റർനെറ്റിൻ്റെയും വേൾഡ് വൈഡ് വെബ്ബിൻ്റെയും ആഭിമുഖ്യത്തിൽ മീഡിയ, പ്രിന്റ്, പുസ്തക പ്രസാധനം തുടങ്ങിയ മേഖലകളിൽ വലിയ തോതിലുള്ള സംയോജനമുണ്ടാകുകയും അതിൻ്റെ ഫലമായി വ്യവസായങ്ങളുടെ അതിർവരമ്പുകൾ
ഗണ്യമായി മാറുകയും ചെയ്തു. മൂന്നാം വ്യാവസായിക വിപ്ലവത്തിൻ്റെ അടുത്ത പ്രധാന സവിശേഷത വ്യക്തിഗതമായ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകളാണ്. Cambridge Analytica അടക്കമുള്ള വിവാദങ്ങൾ, ഫേസ്ബുക്ക് പ്രൊഫൈൽ
വിവരണങ്ങൾ ഡൊണാൾഡ് ട്രംപിൻ്റെ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും മറ്റുമുള്ള വിവാദങ്ങൾ, വ്യക്തിഗത വിവരങ്ങൾ സർക്കാരുകൾ ചോർത്തുന്നത് സംബന്ധിച്ച് വിക്കിലീക്ക്സ് സ്ഥാപകനും മനുഷ്യാവകാശ പ്രവർത്തകനുമായ ഓസ്ട്രേലിയൻ ഇന്റർനെറ്റ്
പ്രവർത്തകൻ ജൂലിയൻ അസാന്ജേ ഉയർത്തിയ പ്രശ്നങ്ങൾ ഒക്കെ മൂന്നാം വ്യാവസായിക വിപ്ലവത്തിൻ്റെ സവിശേഷതകൾ ചൂണ്ടിക്കാട്ടുന്നു. നാലാം വ്യാവസായിക വിപ്ലവത്തിൻ്റെ ഏറ്റവും വലിയ സവിശേഷത, നേരത്തെ സൂചിപ്പിച്ച വിവര സാങ്കേതിക വിദ്യാരംഗത്തെ കുതിച്ചുചാട്ടവും ജൈവസാങ്കേതികവിദ്യാരംഗത്തും നാനോ സാങ്കേതികവിദ്യാരംഗത്തും മെറ്റീരിയൽ സയൻസിൻ്റെ
മേഖലയിലുമുണ്ടായിട്ടുള്ള വലിയ മുന്നേറ്റങ്ങളുടെ സംയോജനവുമാണ്. World Economic Forum 2015ൽ ക്ളോസ് ഷ്വാബിൻ്റെ നേതൃത്വത്തിൽ Fourth Industrial Revolution എന്ന പ്രസിദ്ധീകരണത്തിൽ ഇതാണ് സൂചിപ്പിച്ചത്. അദ്ദേഹം പറഞ്ഞത് Fusion of Information Technology, Life Science Systems and Physical Systems എന്നാണ്.
ജീവൻ്റെ ഭാഷ
ഈ ഇന്‍ഡസ്ട്രി 4.0ലെ ആദ്യഘടകം ജനിതക വിപ്ലവം ആണ്. 1990 മുതല്‍ 2003 വരെ ഫ്രൂട്ട് ഫ്ലൈ എന്ന
ജീവിയുടെ ജീനോം, ആഫ്രിക്കയിലും യൂറേഷ്യയിലും കാണുന്ന അരബിഡോസ് തലിയാന എന്ന ഒരു ചെടിയുടെ ജീനോം എന്നിവ സീക്വൻസ് ചെയ്തിരുന്നു. അതിൻ്റെ തുടർച്ചയായി മനുഷ്യ ജീനോം സീക്വൻസ് പ്രോജെക്ട് 1990ൽ തുടങ്ങി 2003 വരെയുള്ള കാലയളവിലാണ് നടത്തിയത്. അതിൻ്റെ ഭാഗമായി മൃഗങ്ങളുടെയും ജീവനുള്ള ഏത് പദാർത്ഥങ്ങളുടെയും DNA കഷ്ണം കഷ്ണമായി മുറിച്ച് ഒരു സീക്വൻസിങ് യന്ത്രം ഉപയോഗിച്ച് വായിക്കാമെന്നും അങ്ങനെ വായിച്ചെടുക്കുന്ന വിവരങ്ങളിലെ തെറ്റുകൾ തിരുത്തി
പൂർത്തീകരിച്ച് ഒരു തികഞ്ഞ ജീനോം ശൃംഖലയാക്കി ജീവൻ്റെ അടിസ്ഥാനവും ജീവൻ്റെ ഭാഷയും മനസ്സിലാക്കാൻ പറ്റുമെന്നതുമാണ് ഹ്യൂമൻ ജീനോം പ്രോജക്ട് തെളിയിച്ചത്. അന്ന് 270 കോടി ഡോളറായിരുന്നു ജീനോം സീക്വെൻസിങ്ങിന് ആവശ്യമായിരുന്നത്, അനവധി ദിവസങ്ങളെടുത്താണ് അത് ചെയ്തിരുന്നതും. ആ ചെലവ് കുറഞ്ഞു വരുന്നതാണ് ഈ കാലഘട്ടത്തിൽ നാം കാണുന്നത്.
മൂർസ് ലോയെ നിഷ്പ്രഭമാക്കിക്കൊണ്ട് അതിനേക്കാൾ വേഗത്തിൽ ചെലവ് കുറയുന്നുവെന്നതാണ് ജീനോമിക് വിപ്ലവ കാലഘട്ടത്തിൻ്റെ സവിശേഷത. ഇത് വൻതോതിലെ സാദ്ധ്യതകളാണ് മനുഷ്യർക്ക് മുന്നിൽ തുറന്നിരിക്കുന്നത്. ആരോഗ്യ സേവനത്തിൽ, CRISPER-CaS9 തുടങ്ങിയ സങ്കേതങ്ങൾ ഉപയോഗിച്ച് ജീനോം എഡിറ്റിംഗ് നടത്തി ജനിതക അടിസ്ഥാനമുള്ള പല രോഗങ്ങളുടെയും ചികിത്സയ്ക്കും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനുമുള്ള ഉപാധികളുണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. കൃഷിയിലും മൃഗ പരിപാലനത്തിലും മുൻപുണ്ടായിരുന്ന പ്രകൃതിയുടെ തെരെഞ്ഞെടുപ്പിൽ നിന്നു വ്യത്യസ്തമായി കൃത്രിമ തെരഞ്ഞെടുപ്പ് നടത്തി അത്തരം തെരഞ്ഞെടുപ്പിൽ തന്നെ റേഡിയോ ആക്റ്റിവ് രീതികളും രാസപദാർത്ഥ രീതികളും ഉപയോഗിച്ച് മ്യൂട്ടന്റുകൾ സൃഷ്ടിക്കുന്നു. അഭിലഷണീയമായ മ്യൂട്ടന്റുകളെ വളർത്തിയെടുക്കാനുള്ള സാദ്ധ്യതകൾ ജീനോമിക്സിൻ്റെ ഭാഗത്തു നിന്നുണ്ടാകുന്നു. ആയുർവേദത്തിൻ്റെ കാര്യത്തിലും ഗണ്യമായ കുതിച്ചുചാട്ടം ജീനോമിക്സിന് വരുത്താനാകും. ഇതിൻ്റെ സ്വാധീനം മാനവരാശിയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായി മാറുന്നുവെന്നത് ഈ കാലഘട്ടത്തിൻ്റെ സവിശേഷതയാണ്. മറ്റൊന്ന് ജീവൻ്റെ ഭാഷയാണ്. അതായത് DNAയിലേയും ക്രോമോസോമിലേയും ജീനോമിക് വിവരങ്ങളും ഹ്യൂമന്‍ ജീനോം പ്രോജക്ടിൻ്റെ ഭാഗമായുള്ള വിവരങ്ങളും കംപ്യൂട്ടറിനുള്ളിലെ പൂജ്യങ്ങളും ഒന്നുകളും അടങ്ങുന്ന വിവരങ്ങളുടെ ഒരു ശ്രേണിയാണ്. അതുപോലെത്തന്നെ ജീവൻ്റെ വിവരങ്ങളും വായിച്ചെടുക്കുകയാണ് Human Genome പ്രോജക്ടിലൂടെ സാധ്യമാക്കുന്നത്. മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും ജീവൻ്റെ ഭാഷ വായിച്ചെടുക്കാം. കൗതുകകരമായ ഒരു കാര്യം, നമുക്ക് ഓരോരുത്തർക്കും ഓരോ unique മൈക്രോബയോം പാറ്റേൺ (microbiome pattern) ഉണ്ട് എന്നതാണ്. അതായത്, നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ എത്രയോ മടങ്ങാണ് നമ്മുടെ ശരീരത്തിനു പുറത്തുള്ള സൂക്ഷ്മജീവികളുടെ എണ്ണം. ഒരാളുടെ കുടുംബാംഗങ്ങളുടെ മൈക്രോബയോം പാറ്റേണുകളിൽ സമാനതകൾ കാണാം. കുടലിലെ gut എന്നു പറയുന്ന ഭാഗത്തുള്ള സൂക്ഷ്മജീവികളാണ് ശരീരത്തിൻ്റെ രോഗാവസ്ഥയുടെ നിർണ്ണായക ഘടകമായി മാറുന്നത്. ഇന്ന് വലിയ ഔഷധ നിർമ്മാണ കമ്പനികളെല്ലാം ഈ gutലെ വിവരങ്ങളുടെ വിശദാംശങ്ങളെപ്പറ്റി പഠിക്കാൻ ശ്രമിക്കുന്നു. ആ സൂക്ഷ്മജീവികളുടെ ഘടനയും ജീനോം വിവരങ്ങളും നമുക്ക് വായിച്ചെടുക്കാനാകും.
ഒരു നഗരപ്രദേശത്തുള്ള, തിരക്കേറിയ ജീവിതരീതികളുള്ള ആൾക്കാരുടെ ജീനോമുകളും വനാന്തരത്തിലെ ആദിവാസിയുടെ മൈക്രോബയോം പാറ്റേണുകളും തമ്മിൽ വലിയ അന്തരമുണ്ട്. അന്തരീക്ഷത്തിലും അല്ലാതെയുമൊക്കെയുള്ള വികസനത്തിൻ്റെ സ്വാധീനം കൊണ്ടുള്ള വ്യത്യാസമുണ്ട്. ഇതൊക്കെ പരിശോധിക്കാൻ കഴിയുന്ന രീതിയിൽ ജീവൻ്റെ ഭാഷയായ ജീനോം വിലയിരുത്താവുന്നതാണ്. കുട്ടികളിലെ രോഗങ്ങളിൽ ജനിതകശാസ്ത്രം (Genetics) ഒരു ഘടകമാണ്. പ്രമേഹം ഉദാഹരണം. അതുപോലെയാണ് ഡൗൺ സിൻഡ്രോം (Down syndrome) പോലുള്ള രോഗങ്ങൾ. ഇന്ന് പലരും വിവാഹത്തിന് ജാതകപ്പൊരുത്തം നോക്കാറുണ്ട്. എന്നാല്‍ ജീനോം പാറ്റേൺ നോക്കുന്ന യുക്തിയുള്ള കാലം ഭാവിയിലുണ്ടായേപറ്റൂ. ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾക്ക് അപകടമുണ്ടോ എന്ന് നോക്കാൻ കഴിയുന്ന ഉപാധിയായി ജീനോം പാറ്റേൺ മാറുന്നു. കൃഷിക്കും മൃഗപരിപാലനത്തിനും വേണ്ടി പുത്തൻ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിൽ ജീനോം പാറ്റേൺ അനിവാര്യമായ ഘടകമാണ്. application of knowledge for human development ആണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. തലനാരിഴയെക്കാൾ സൂക്ഷ്മമായ പദാർത്ഥമാണ് ഗ്രാഫീൻ(graphene). തലനാരിഴയുടെ one millionth ആണ് വലിപ്പം എങ്കിലും സ്റ്റീലിൻ്റെ നിരവധി മടങ്ങ് ശക്തി അതിനുണ്ട്. നാനോ സയന്‍സിലെ (Nanoscience) ഗണ്യമായ മുന്നേറ്റത്തിൻ്റെ ഭാഗമായാണ് ഗ്രാഫീനടക്കമുള്ള സൂക്ഷ്മ പദാർത്ഥങ്ങളുടെ വിശദാംശങ്ങളുടെ പഠനം. ഇതിനൊക്കെ ദൈനംദിന ജീവിതത്തെ വലിയ തോതിൽ സ്വാധീനിക്കാൻ കഴിയും. ഇതിനൊക്കെ പൊതുവിൽ പറയുന്ന പേരാണ്
Industry 4.0.
ഡിജിറ്റല്‍ യുഗം
ഡിജിറ്റൽ വിപ്ലവത്തില്‍ വൻതോതിലുള്ള കമ്പ്യൂട്ടിങ് ശേഷിയുടെ സാദ്ധ്യതകളിലൂടെ മുമ്പില്ലാത്തവണ്ണം
വിവരശേഖരങ്ങൾ ഉപയോഗിച്ചുള്ള അപഗ്രഥനത്തിലൂടെയും പരിശോധനയിലൂടെയും പല മാനവ വികസന മേഖലകളിലും ഗണ്യമായ
മാറ്റമുണ്ടാക്കാനാകും എന്ന് വന്നിരിക്കുന്നു. കോവിഡ്19ൻ്റെ കാലഘട്ടത്തിൽ പല രാജ്യങ്ങളിലും ബിഗ് ഡാറ്റ അനലിറ്റിക്സ് ആരോഗ്യ സേവന മേഖലയിൽ ഉപയോഗിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. റോബോട്ടിക്സ് ഉപയോഗിച്ച് പലതരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. ജെൻ റോബോട്ടിക്സ് എന്ന ഒരു സ്റ്റാർട്ടപ്പ് കമ്പനിയുടെ നേതൃത്വത്തിൽ മനുഷ്യമാലിന്യം കൈകാര്യം ചെയ്യുന്നതിനുള്ള പ്രവർത്തനം റോബോട്ടിൻ്റെ സഹായത്തോടെ ചെയ്യുന്നു. കാർഷിക മേഖലയിലും മൃഗ പരിപാലന രംഗത്തും റോബോട്ടുകളുണ്ട്. പശുവിനുള്ള മിൽക്കർ റോബോട്ടുകളും ഫീഡിങ് റോബോട്ടുകളും പ്ലാന്റിങ് റോബോട്ടുകളും ഉദാഹരണങ്ങള്‍. അപകടകരമായ മേഖലകളില്‍ ആവർത്തിച്ചു ചെയ്യേണ്ട പ്രവർത്തനങ്ങൾ ഫലപ്രദമായി ചെയ്യാൻ കഴിയുന്ന രൂപത്തിൽ പലതരം റോബോട്ടുകളെ കൊണ്ടുവരുകയും മനുഷ്യാദ്ധ്വാനത്തിന് പകരംവയ്ക്കാൻ കഴിയുന്ന ഒരുപാധിയായി അവയുടെ സഹായം ഉപയോഗിക്കുന്ന തലത്തിലേക്ക് വ്യാവസായിക – സേവന മേഖലാ പ്രവർത്തനങ്ങളെ സ്വാധീനിക്കാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു. കമ്പ്യൂട്ടറുകളുടെ പരസ്പരം ബന്ധിപ്പിച്ച ശൃംഖലയെയാണ് നമ്മൾ ഇന്റർനെറ്റ് എന്ന് വിളിക്കുന്നത് എങ്കിൽ Internet of Things എന്ന സങ്കേതമുപയോഗിച്ച് മനുഷ്യനിർമ്മിതമായ ഉപകരണങ്ങളും യന്ത്രങ്ങളും പരസ്പരം സംവദിക്കുന്ന തരത്തിലുള്ള ശൃംഖലകൾ സൃഷ്ടിക്കുന്നു. അവ വഴി സപ്ലൈ ചെയിനുകൾ മാറ്റിമറിക്കാനും പല മനുഷ്യ പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമായും അപകടരഹിതമായും ഫലപ്രാപ്തിയോടു കൂടിയും നിർവ്വഹിക്കാൻ കഴിയുന്ന രൂപത്തിലാക്കാനും സാധിക്കുന്നു. Industry 4.0 ല്‍ വൈജ്ഞാനിക പ്രധാനമായ വ്യവസായങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. ലോകത്തെ ഏറ്റവും പ്രമുഖരായ Fortune 500 കമ്പനികൾ നോക്കിയാൽ അവയിൽ 50 ശതമാനത്തോളം വിവര വിനിമയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നവയാണ്. ഫൈനാൻഷ്യൽ സർവീസുകൾ, റീറ്റെയ്ൽ, മാനുഫാക്ച്ചറിംഗ്, അഗ്രികൾച്ചർ തുടങ്ങിയ മേഖലകളിലെ ഇടപാട് പ്രക്രിയകൾ ഒക്കെ ഡിജിറ്റലായി മാറിയിരിക്കുന്നു. ഒരു ആഗോള ശൃംഖല വരുന്നതിൻ്റെ ഭാഗമായി വിവരങ്ങൾ ഏകോപിപ്പിക്കാൻ കഴിയുന്നതോടെ പ്രാദേശിക ബിസിനസുകളുടെ വരുമാനത്തെ അത് ബാധിക്കുന്നു. എന്നാൽ പ്രാദേശികമായ ബിസിനെസ്സുകൾക്ക് അവയുടേതായ ഒരു hyperlocal space ഉണ്ട്. ഈ ഹൈപ്പർലോക്കൽ സ്പേസിലുള്ള ആൾക്കും മറ്റു സ്ഥലങ്ങളിലെ ബിസിനസ്സുകൾ തേടിപ്പോകാം. ഡിജിറ്റൽ മാധ്യമം അത് സാധ്യമാക്കുന്നു. നമ്മൾ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ വഴി നമ്മുടെ എല്ലാ വിവരങ്ങളും ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ ഇന്റർനെറ്റ് കമ്പനികൾ മനസ്സിലാക്കുന്നു. ക്രെഡിറ്റ്കാർഡ് വിവരങ്ങളും പങ്കുവയ്ക്കപ്പെടുന്നു. സിലിക്കൺ വാലിയിലെ ഡെവലപ്പർമാർ ഗൂഗിളിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി, ഗൂഗിൾ ചെയ്ത തെറ്റുകൾ ഗൂഗിൾ തിരിച്ചറിയണം എന്ന ലക്ഷ്യത്തോടെ. സെർച്ച് എൻജിനിലൂടെ ജനങ്ങൾക്ക് വിവരം ലഭ്യമാക്കുന്നതോടൊപ്പം വിവര സാങ്കേതിക വ്യവസായ രംഗത്തെ ഒരു വല്യ ഭീമനാണ് ഗൂഗിൾ കമ്പനി. വലിയ മുതൽ മുടക്കുകയും ഉൽപ്പാദിപ്പിക്കുകയും സേവനം നൽകുകയും ചെയ്യുന്ന ഒരു പ്രമുഖ കമ്പനിയാണ്. അതിൽ നിന്നും മനസ്സിലാക്കാം വിജ്ഞാനത്തിൻ്റെ ഉപയോഗത്തിന് ഇത്തരത്തിൽ രണ്ടു വശങ്ങളുണ്ടെന്ന്. എൺപതുകളുടെ മുൻപത്തെ തലമുറയുടെ കാലത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യ നിലവിൽ വന്നിട്ടില്ല. അക്കാലത്ത് അനലോഗ് സാങ്കേതികവിദ്യയാണ്. അനലോഗ് എന്ന്കൊ ണ്ടുദ്ദേശിക്കുന്നത് analogous to what exists in nature എന്നതാണ്. പ്രകൃതിയിലുള്ളതുപോലെതന്നെ വിവരത്തിൻ്റെ തുടർച്ച കൈമാറ്റം ചെയ്യുന്ന രീതിയാണത്. ഡിജിറ്റൽ വിനിമയമെന്നത് പൂജ്യത്തിൻ്റെയും ഒന്നിൻ്റെയും രണ്ട് തലങ്ങൾ മാത്രമുള്ള വിനിമയമാണ്. ഡിജിറ്റൽ വിവരങ്ങൾ പൂജ്യത്തിൻ്റെയും ഒന്നിൻ്റെയും ശ്രേണികളാണ്. അതായത് കമ്പ്യൂട്ടറിൻ്റെ ഭാഷയും വിവരത്തിൻ്റെ ഭാഷയും ഒന്നായിമാറി. രണ്ടാമത്തെ ഘടകം ഈ വിവരങ്ങൾ വളരെ സംക്ഷിപ്തമാക്കിയും വിശ്വാസയോഗ്യമായും നമുക്ക് അയക്കാനാകും എന്നതാണ്. ഡൽഹിയിൽ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ സമീപകാലത്ത് പ്രതിഷേധങ്ങൾ നടന്നപ്പോൾ പ്രതിഷേധക്കാർ ആശയവിനിമയത്തിന് ഉപയോഗിച്ചത് വാട്ട്സ്ആപ്പ് അല്ല, മറിച്ച് ടെലിഗ്രാമാണ്. പോലീസിന് അത് പ്രാപ്യമല്ല എന്നത് തന്നെ കാരണം. മൊബൈൽ ഫോൺ എന്നത് ഇ-കൊമേഴ്സിൽ ഹൈപ്പർലോക്കൽ മാർക്കറ്റിംഗിൻ്റെ ഉപാധിയാണ്. ഇന്റർനെറ്റ് സ്പീഡ് കൂടുന്നത് ഈ മേഖലയ്ക്ക് കൂടുതൽ ഗുണകരമാകും. ഡിജിറ്റൽ രൂപാന്തരീകരണം നടക്കുമ്പോൾ സേവനങ്ങളുടെ accessൻ്റെ പ്രശ്നം വലിയതോതിൽ പരിഹരിക്കാനായി. remote ആയി നമുക്ക് പ്രവർത്തിക്കാനും വിവരങ്ങൾ ഏകോപിപ്പിക്കാനും എളുപ്പാകുന്നു. പണ്ട് കാലത്ത് വ്യവസായങ്ങൾ നഗരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. അതിൽ നിന്ന് മാറി മറ്റു പ്രദേശങ്ങളിലേക്ക് വ്യവസായങ്ങൾ നീങ്ങി. വൻ നഗരങ്ങളിൽ നിന്ന് ഇടത്തരം നഗരങ്ങളിലേക്ക് വ്യാവസായിക സമുച്ചയങ്ങളുടെ വികേന്ദ്രീകരണമുണ്ടായി. ഈ വ്യവസായങ്ങളുടെ ഏകോപനം ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി സാധിക്കുന്നുവെന്നതാണ് മറ്റൊരു പ്രധാന ഘടകം. ഹിന്ദുസ്ഥാൻ ലിവറിൻ്റെ ഉൽപ്പന്നങ്ങളിൽ നല്ലൊരു പങ്ക് വീടുകളിൽ നിന്നുണ്ടാക്കുന്ന സോപ്പാണ്. ഗുണനിലവാര സംവിധാനത്തിന് വിധേയമായി, കൃത്യമായ ചേരുവ അനുസരിച്ച് ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങളെ ബ്രാൻഡ് ചെയ്ത് പുറത്തിറക്കുന്ന പ്രക്രിയയാണത്. ഈ ഏകോപനം ഇന്ന് ഒരു പ്ലാറ്റ്ഫോം മുഖാന്തിരം സാധിക്കുന്നു. അതിൻ്റെ ഭാഗമായി സാങ്കേതിക വിദ്യ ഉപയോഗിച്ച് സമാഹരിക്കുന്നു (technology-enabled aggregation).
നമ്മുടെ കൺമുൻപിലുള്ള ഒരു ഉദാഹരണം എടുത്താൽ, കെ-ഡിസ്ക് ഏറ്റെടുത്തിട്ടുള്ള ഒരു പ്രവർത്തനം ബ്ലഡ്ബാഗിലെ രക്തത്തിൻ്റെ വിവിധ ഘടകങ്ങൾ ഒരാശുപത്രിയും അതിൻ്റെ ഉപഗ്രഹ ആശുപത്രികളും തമ്മിൽ ബന്ധിപ്പിച്ച് സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക എന്നതാണ്. ഉദാഹരണത്തിന്, തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൂടുതൽ ഫലപ്രദമായ ശീതീകരണ സംവിധാനങ്ങളും രക്തസാമ്പിളുകൾ വേർതിരിച്ച് പാക്കറ്റുകളിൽ ആക്കാനുള്ള സങ്കേതങ്ങളുമുണ്ട്. അത്രയും മെച്ചപ്പെട്ട സൗകര്യങ്ങൾ ഇല്ലാത്ത, ഒരു ഫ്രിഡ്ജും പരിമിത സൗകര്യങ്ങളുമുള്ള പാറശ്ശാലയിലെ താലൂക്ക് ആശുപത്രിയിലേക്ക് ഒരു ഐസുപെട്ടി പോലത്തെ സംവിധാനം വഴിയാണ് ഇത് അയയ്ക്കുന്നത്. ആ സാമ്പിളുകളുടെ shelf life വർദ്ധിപ്പിക്കാൻ വേണ്ടി ഈർപ്പം, താപനില സെൻസറുകൾ ഘടിപ്പിച്ച Radio Frequency ടാഗുകൾ ഉപയോഗിച്ച് സാമ്പിളുകളുടെ ഈർപ്പവും ആർദ്രതയും താപനിലയും തുടർച്ചയായി അളന്ന് ഒരു മൊബൈൽ ആപ്ലിക്കേഷനിൽ രേഖപ്പെടുത്താന്‍ കഴിയും. അങ്ങനെ ഒരു സംവിധാനം വഴി ആ സപ്ലൈ ചെയിനിനകത്ത് traceabilityയും ഗുണനിലവാരവും ഏകോപിപ്പിക്കാൻ സാധിക്കും. ഈ രൂപത്തിൽ വ്യത്യസ്തമായ സപ്ലൈ ചെയിനുകളുടെയെല്ലാം ഗുണനിലവാരം ഗണ്യമായി മാറ്റാൻ കഴിയുന്ന വിധത്തിലുള്ള IoT devices, വികേന്ദ്രീകൃതമായും വളരെ സുരക്ഷിതമായും വിവരങ്ങൾ ശേഖരിച്ചു വയ്ക്കാനും ഉപയോഗിക്കാനും കഴിയുന്ന രൂപത്തിലുള്ള ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യകൾ, പല പ്രധാനപ്പെട്ട പ്രവർത്തനങ്ങളും മാന്വലായി മനുഷ്യർ ചെയ്യുന്നതിലും കൂടുതൽ ഫലപ്രദമായി ചെയ്യാനുള്ള നിർമ്മിതബുദ്ധി ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം സാദ്ധ്യമാണ്. ഒരു രോഗിക്ക് diabetic retinopathy ഉണ്ടോ ഇല്ലയോ എന്നറിയാൻ ഒരു ophthalmologist പരിശോധിക്കാൻ ഉപയോഗിക്കുന്ന ഫണ്ടസ് ക്യാമറ എടുക്കാം. റെറ്റിനയുടെ ചിത്രം ആ ക്യാമറ കൊണ്ട് പിടിച്ചെടുത്ത് നിർമ്മിത ബുദ്ധിയുപയോഗിച്ച് ഗുണനിലവാരം പരിശോധിച്ചുറപ്പാക്കിയ ശേഷം pattern recognition സാങ്കേതികവിദ്യ ഉപയോഗിച്ച് image പഠിച്ച് diabetic retinopathy ഉണ്ടോ ഇല്ലയോ എന്ന് നിർണ്ണയിക്കുന്നു. GPS, GIS സാങ്കേതികവിദ്യയുടെ കൂടുതൽ ഫലപ്രദമായ ഉപയോഗത്തിൻ്റെ ഫലമായി നിർമ്മാണ പ്രവർത്തനങ്ങൾ, മൈനിംഗ്, എണ്ണ പര്യവേക്ഷണം, വ്യത്യസ്തമായ നിർമ്മാണ പ്രവർത്തനം തുടങ്ങിയവ ഗണ്യമായ രീതിയിൽ മാറ്റാൻ കഴിയുന്ന രൂപത്തിലേക്ക് സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ വന്നിരിക്കുന്നു. 3D പ്രിന്റിംഗ് പോലുള്ള additive സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഉണ്ടാക്കാൻ പോകുന്ന പ്രോട്ടോടൈപ്പുകളുടെ മിനിയേച്ചറുകൾ സൃഷ്ടിച്ചും പരിശോധിച്ചും കൂടുതൽ ഫലപ്രദമായി വിഭവ വിനിയോഗം നടത്തി പ്രോട്ടോടൈപ്പ് നിർമ്മാണവും ഉൽപ്പന്ന നിർമ്മാണവും നടത്താൻ കഴിയും. ഉപയോക്താക്കളെ സേവനദാതാക്കളുമായി പ്ലാറ്റ്ഫോമുകൾ വഴി ബന്ധിപ്പിച്ച് മൊബൈൽ – വെബ് ആപ്പ്ളിക്കേഷനുകൾ വഴി സംയോജിപ്പിച്ച് ഉപയോക്താക്കളും സേവനദാതാക്കളും തമ്മിലുള്ള ബന്ധം algorithms എന്ന സങ്കേതമുപയോഗിച്ചുകൊണ്ട് എപ്പോൾ, ഏതുസമയത്ത് എങ്ങനെ സേവനം ലഭിക്കണം എന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ നിശ്ചയിക്കാൻ കഴിയുന്ന രൂപത്തിലേക്ക് മാറിക്കഴിഞ്ഞു. മനുഷ്യ-മെഷീൻ പരിച്ഛേദത്തിന് പ്രവർത്തനങ്ങളെ ക്രമീകരിക്കുന്ന സംവിധാനങ്ങളുടെ വിപുലമായ സംവിധാനങ്ങൾ ഇന്ന് പ്ലാറ്റ്ഫോമുകളുടെ സൃഷ്ടിയിലേക്ക് നീങ്ങിയിരിക്കുന്നു. ഊബറടക്കമുള്ള സംവിധാനങ്ങൾ ഏത് വാഹനം എങ്ങോട്ട് പോകണമെന്നും ഏത് വാഹനം ഏത് യാത്രക്കാരനെ എവിടെ എത്തിക്കണമെന്നുമൊക്കെ GIS-GPS സംവിധാനങ്ങളിലൂടെയും മൊബൈൽ – വെബ് അധിഷ്ഠിത സങ്കേതങ്ങളിലൂടെയും തീരുമാനിക്കുന്നു. പ്ലാറ്റ്ഫോമുകളുടെ സംയോജനത്തിനൊപ്പം അതിനകത്തെ വ്യത്യസ്തമായ കർമ്മങ്ങൾ നിറവേറ്റുന്നതിന് തീരുമാനങ്ങളെടുക്കുന്നതിനു സഹായകമായ intelligence അടങ്ങുന്ന അല്‍ഗോരിതങ്ങളുടെ പ്രവർത്തനങ്ങൾ ഫലപ്രദമായി ചെയ്യാൻ കഴിയുന്ന ക്ലൗഡ് കമ്പ്യൂട്ടിങ് സങ്കേതങ്ങളും കമ്പ്യൂട്ടിങ് ശേഷികളും സോഫ്റ്റ്വെയർ വികസന ശേഷിയുമൊക്കെയാണ് ഇതിനു സഹായിക്കുന്നത്. സേവനങ്ങളുടെ കാര്യത്തിലും ഉൽപ്പാദനത്തിൻ്റെ കാര്യത്തിലും വൻതോതിലുള്ള
മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന രൂപത്തിൽ smart manufacturingലേക്കും smart servicesലേക്കും മാറ്റാൻ കഴിയുന്ന തരത്തിലുള്ള വലിയ കുതിച്ചുചാട്ടം വൈജ്ഞാനിക സാങ്കേതിക വിദ്യയുടെ ഉപയോഗത്തിൻ്റെ ഭാഗമായി സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.
വിവരങ്ങളുടെ പ്രധാന്യം
മാനവ വികസനവുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരിച്ചറിയാനും സൃഷ്ടിക്കാനും പരുവപ്പെടുത്താനും
രൂപാന്തരപ്പെടുത്താനും പ്രചരിപ്പിക്കാനും ഉപയോഗിക്കാനും ശേഷികളുള്ള ഒരു സമൂഹമാണ് വിജ്ഞാനസമൂഹം. ഇൻഫർമേഷൻ ടെക്നോളജി വിപ്ലവത്തിൻ്റെ ഭാഗമായി പലതരം വിവരങ്ങൾ അല്ലെങ്കിൽ ഡാറ്റ കൈകാര്യം ചെയ്യുന്നത് പ്രാദേശിക വികസന പ്രക്രിയയുടെ നിർണ്ണായക ഘടകമാണ്. ബ്ലോക്കുകളിൽ എത്ര വീടുകളിൽ ശുദ്ധമായ കുടിവെള്ളം ലഭിക്കാൻ സൗകര്യമുണ്ടെന്നും ശുചിമുറി സൗകര്യങ്ങൾ എവിടെയെല്ലാമുണ്ടെന്നുമൊക്കെ കാനേഷുമാരിയുടെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങള്‍ വികസന പ്രക്രിയക്കും, എത്ര വീടുകളുണ്ടെന്നും അവയിൽ എന്തൊക്കെ ഉൽപ്പന്നങ്ങൾ ആവശ്യമുണ്ട് എന്നതുമൊക്കെ വിപണിയെ സംബന്ധിച്ച പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ആവശ്യമാണ്. എത്ര കുട്ടികൾ ഒരു പ്രദേശത്തുണ്ട് എന്ന വിവരം വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാന്‍ ആവശ്യമാണ്. ഇത്തരത്തിൽ ആസൂത്രണത്തിനും വിപണിയുടെ വികസനത്തിനും ഉൽപ്പാദന പ്രവർത്തനത്തിനും എല്ലാം ആവശ്യമായ വ്യത്യസ്തമായ വിവരങ്ങൾ ഉപയോഗിക്കുക, പരുവപ്പെടുത്തുക, അവയുടെ രൂപാന്തരീകരണം നടത്തുക, അവയെ വിനിമയം ചെയ്യുക എന്നിവയെല്ലാം മാനവവികസന പരിപാടിയുടെ നിർണ്ണായക ഘടകങ്ങളാണ്. ഈ കാലഘട്ടത്തിലെ വിവര സമൂഹത്തിൻ്റെ, ഡിജിറ്റൽ അഥവാ ഇന്റർനെറ്റ് യുഗത്തിൻ്റെ സവിശേഷത എന്നത് വിവരങ്ങളും ആശയവിനിമയവും ഏകോപിപ്പിക്കുന്നു എന്നതാണ്. അതിൻ്റെ ഭാഗമായാണ് കമ്പ്യൂട്ടറുകളുടെ ശൃംഖലയായ ഇന്റർനെറ്റ് നമ്മുടെ എല്ലാ പ്രവർത്തനങ്ങളുടെയും ഭാഗമായത്. പലപ്പോഴും പല വിവരങ്ങളും ഇന്ന് നമ്മൾ തേടുന്നത് ഇന്റർനെറ്റിലൂടെയാണ്. അതിലൂടെ ലഭിക്കുന്ന വിവരങ്ങൾ എല്ലാം ശരിയായിക്കൊള്ളണം എന്നില്ല. പക്ഷെ വളരെ വസ്തുനിഷ്ഠമായ വിവരങ്ങൾ ലഭിക്കാനുള്ള ശരിയായ സ്രോതസ്സായി ഇന്റർനെറ്റ് മാറും.
നോളജ് വര്‍ക്കര്‍
Work from homeൻ്റെ അടിസ്ഥാനം വീട്ടിലിരുന്ന് ചെയ്യേണ്ട കാര്യങ്ങൾ ഒരു ആപ്ലിക്കേഷൻ ഉപയോഗിച്ച് ചെയ്യുന്നു എന്നതാണ്. ഒരു ഓഫീസിൽ ആരൊക്കെ വന്നു, വന്ന സമയം, ആരൊക്കെ എന്തെല്ലാം തരം ലീവ് എടുത്തിരിക്കുന്നു, കൈകാര്യം ചെയ്യുന്ന ഫയലുകളും റിപ്പോർട്ടുകളും ഇങ്ങനെ പലതും കമ്പ്യൂട്ടർ വഴി സാധ്യമാണ്. Work from homeലൂടെ കൂടുതൽ flexible working നടക്കുന്നു. അതിനാൽ, ഇനി വീട് വയ്ക്കുമ്പോൾ ഡിസൈൻ്റെ ഭാഗമായി തന്നെ ഒരു ഓഫീസ് മുറിയും അനിവാര്യമാണ്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഇങ്ങനെ ഭാഗഭാക്കാവുന്ന പുതിയ തൊഴിലാളിയാണ് knowledge worker. analytical ശേഷികൾ, critical ആയി കാര്യങ്ങൾ പരിശോധിച്ച് നിഗമനങ്ങളിൽ എത്താനുള്ള കഴിവ് തുടങ്ങിയവയെക്കൊപ്പം ഓരോ സാഹചര്യത്തിനും അനുസരിച്ച് തീരുമാനങ്ങൾ എടുക്കത്തക്ക വിധം convergent thinkingൽ നിന്ന് വ്യത്യസ്തമായി divergent thinkingലൂടെ ഒരു സാഹചര്യത്തെ വ്യത്യസ്ത രീതികളിൽ അപഗ്രഥിച്ച് തീരുമാനത്തിലെത്താനുള്ള ശേഷിയും കൂട്ടായ പ്രവർത്തനങ്ങൾ ചെയ്യാനുള്ള collaborative പ്രവർത്തന ശേഷിയുമൊക്കെയുള്ള പുത്തൻ വൈജ്ഞാനിക തൊഴിലാളിയാണ് നാലാം വ്യാവസായിക വിപ്ലവത്തിന്റേതെന്ന് പറയുന്ന കാല ഘട്ടത്തിലുള്ളത്. ഇന്റർനെറ്റ് ഉപയോഗിക്കുന്ന, റോബോട്ടിക്സ് പ്രധാനമായുള്ള, GIS ഉം GPS ഉം പ്രധാനമായുള്ള, IoT devicesഉം 5G high speed access ഉമുള്ള 3D പ്രിന്റിങ്ങിൻ്റെ സാദ്ധ്യതകളുള്ള, machine learningൻ്റെ സാദ്ധ്യതകളുപയോഗിക്കുന്ന പുതിയ കാലഘട്ടത്തിലെ വൈജ്ഞാനിക തൊഴിലാളിയുടെ ശേഷികളും ഉൽപ്പാദന പ്രക്രിയകളും വ്യത്യസ്തമാണ്, അവൻ്റെ സേവന മേഖല അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്. ഇതാണ് ഇന്ന് ഉൽപ്പാദന മേഖലയിലുണ്ടായിട്ടുള്ള മാറ്റത്തിൻ്റെപൊരുൾ. ഈ പൊരുൾ വ്യക്തമാക്കുന്നതിനു വേണ്ടിയാണ് നമ്മൾ മാനവ ചരിത്രത്തിലുണ്ടായ വൈജ്ഞാനിക മാറ്റങ്ങളുടെ സ്വഭാവം കൂടി പരിശോധിക്കാൻ ഒരു ഓട്ടപ്രദക്ഷിണം നടത്തിയത്. നമ്മൾ ഇപ്പോൾ കണ്ടത് ആഗോള മുതലാളിത്തത്തിൽ വന്ന രണ്ട് പ്രധാനപ്പെട്ട മാറ്റങ്ങളാണ്. ഒന്ന് ഫോർഡിസ്റ്റ് ആയ ഉൽപ്പാദന സങ്കേതം മാറി വികേന്ദ്രീകൃതമായി. അതിൻ്റെ ഭാഗമായി കൂടുതൽ technocrats, managerial ശേഷിയുള്ള white collar തൊഴിലാളികൾ ഉൽപ്പാദനപ്രക്രിയയിൽ പ്രമുഖമായി. സേവനമേഖലയുടെ പ്രാധാന്യം ഉൽപ്പാദനമേഖലയ്ക്ക് സമാനമായി വന്നു. മുതലാളിത്തത്തിൻ്റെ ചട്ടക്കൂടിൽ ഉണ്ടായ ഈ മാറ്റങ്ങളോടൊപ്പംതന്നെ തൊഴിലിൻ്റെ കാര്യത്തിലും വൈജ്ഞാനിക പ്രവർത്തനങ്ങൾക്ക് ഗണ്യമായ മാറ്റങ്ങൾ വന്നിരിക്കുന്നു. എന്നാൽ ഈ മാറ്റങ്ങൾ ഒന്നുംതന്നെ തൊഴിൽ ബന്ധങ്ങളിൽ ആത്യന്തികമായ മാറ്റം സൃഷ്ടിച്ചിട്ടില്ല. തൊഴിലാളിയും മുതലാളിയും തമ്മിലുള്ള ചൂഷണത്തിന്റേതായ ബന്ധം വ്യാവസായിക സമൂഹത്തിലുള്ളതിന് സമാനമായുള്ളത് തന്നെയാണ് എന്നും ആകെ വ്യത്യാസം ശേഷി കൂടുതലുള്ള തൊഴിലാളിക്ക് വിലപേശലിനുള്ള സാദ്ധ്യതകൾ ഒരു പക്ഷെ പുതിയ കൂട്ടായ്മകൾ സൃഷ്ടിച്ചാൽ കൂടുതൽ മെച്ചമാണ് എന്നതും മാത്രമാണ്.