യുക്തിയും ആവശ്യകതയും

വിജ്ഞാനസമൂഹങ്ങൾ എന്നത് തുടർച്ചയായ മാറ്റത്തിൻ്റെ പ്രക്രിയയാണ്. കേരളത്തില്‍ ആ മാറ്റങ്ങളെ
വേഗത്തിലാക്കാനും അതിനകത്ത് ഇടപെടൽ നടത്താനുമായി പ്രഖ്യാപിച്ചിട്ടുള്ള പരിപാടിയാണ് ഡിജിറ്റല്‍ വര്‍ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം. ഇവിടെ നിരവധി വർഷങ്ങളായി ഉണ്ടായിരുന്നതും പിണറായി വിജയൻ നേതൃത്വം നല്‍കുന്ന 2016 മുതലുള്ള ഇടതുപക്ഷ സർക്കാർ ത്വരിതപ്പെടുത്തിയതുമായ വികസന സമീപനത്തിൻ്റെ തുടർച്ച തന്നെയാണ് വൈജ്ഞാനിക സമൂഹത്തിലേക്കുള്ള മാറ്റത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ. കഴിഞ്ഞ സര്‍ക്കാരിൻ്റെ ആദ്യത്തെ നയപ്രഖ്യാപന പ്രസംഗം, 2016ല്‍ സംസ്ഥാന ആസൂത്രണബോർഡ് പ്രസിദ്ധീകരിച്ച ഇക്കണോമിക് റിവ്യൂ, 2017ൽ പ്രഖ്യാപിച്ച വിവരസാങ്കേതികവിദ്യാ നയം, 2018ൽ സംസ്ഥാന സർക്കാർ പുതുതായി രൂപീകരിച്ച കേരള ഡെവലപ്പ്മെന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ എന്ന സംവിധാനത്തിൻ്റെ കാഴ്ചപ്പാടുകള്‍, സർക്കാരിൻ്റെ ഭരണനേട്ടങ്ങളും വികസനപരിപ്രേക്ഷ്യവും വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച കേരള ഡെവലപ്പ്മെന്റ് റിപ്പോർട്ട് 2021 എന്നീ രേഖകളൊക്കെ ചൂണ്ടിക്കാണിക്കുന്നത് വൈജ്ഞാനിക സമൂഹത്തിലേക്കുളള മാറ്റത്തിൻ്റെ ചേരുവകൾ തന്നെയാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മാനവ വികസന മേഖലകളിലും അതിജീവനക്ഷമതയുടെ കാര്യത്തിലും ശിശുമരണനിരക്കിലുമൊക്കെ കേരളം ആർജ്ജിച്ചിട്ടുള്ള നേട്ടങ്ങൾ ആഴത്തിലാക്കുകയും വിപുലീകരിക്കുകയും ഈ നേട്ടങ്ങൾ അടിത്തറയാക്കി ജനങ്ങൾക്ക് പൊതുവിലും
യുവാക്കൾക്ക് പ്രത്യേകിച്ചും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയെന്നതുള്‍പ്പെടെ ഒട്ടേറെ കാര്യങ്ങളാണ് നയപ്രഖ്യാപന രേഖയില്‍ പറയുന്നത്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കൃഷി,വ്യവസായം തുടങ്ങിയ മേഖലകളിലെ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും സേവന മേഖലകൾ, വിനോദ സഞ്ചാരം തുടങ്ങിയവയിലെ വരുമാനവും കേരളത്തിലെ പശ്ചാത്തലസൗകര്യങ്ങളും ഉയർത്തുകയും ചെയ്യുന്ന ഒരു വികസന സമീപനമായിരുന്നു ഒന്നാം പിണറായി വിജയൻ സർക്കാരിന്റേത്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ നേട്ടങ്ങളെ ഊട്ടിയുറപ്പിച്ച് ഉൽപ്പാദനസംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ഉൽപ്പാദനക്ഷമതയും മൂല്യസൃഷ്ടിക്കുള്ള സാദ്ധ്യതകളും വർദ്ധിപ്പിക്കുകയും ചെയ്ത് വരുമാനം കൂട്ടുകയും പശ്ചാത്തലസൗകര്യങ്ങൾ മെച്ചപ്പെടുത്തി വികസനപാത തെളിക്കുകയും വേണം. അതിനുള്ള ഒരു ഉപാധിയായി തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ശ്രമം ഉപയോഗപ്പെടുത്തണം എന്ന് നയപ്രഖ്യാപന രേഖ സംശയാതീതമായി പ്രഖ്യാപിച്ചിരുന്നു. വിവരസാങ്കേതിക വിദ്യാഭ്യാസനയങ്ങൾ പരിഷ്കരിച്ചുകൊണ്ട് 2017ല്‍ പ്രഖ്യാപിച്ച നയം, വിജ്ഞാനസമൂഹത്തിലേക്ക് കേരളത്തെ മുന്നോട്ട് കൊണ്ടുപോകുകയാണ് ലക്ഷ്യം എന്ന് വ്യക്തമാക്കുന്നുണ്ട്.
അതോടൊപ്പം ആഗോള തലത്തില്‍ ഐടി സാങ്കേതികവിദ്യയുടെ ഒരു പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും നൂതന സാങ്കേതിക വിദ്യകളുടെ സൃഷ്ടിക്കുതകുന്നവിധം വിദ്യാഭ്യാസവും നൈപുണ്യ വികസന പരിപാടികളും സംഘടിപ്പിക്കുമെന്നും അതില്‍ പറയുന്നു. വിജ്ഞാനസമൂഹത്തിലേക്കുള്ള മാറ്റം അടിവരയിട്ടു പറയുന്നതിനൊപ്പം നൈപുണ്യ വർദ്ധനവിനും നൂതനസാങ്കേതിക വിദ്യാവികാസത്തിനും മാനവ വിഭവ ശേഷി പുഷ്ടിപ്പെടുത്തുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളും ഈ നയത്തിൻ്റെ ഭാഗമാണ്. 2021ലെ കേരള വികസന റിപ്പോർട്ട് പറയുന്നത് വ്യവസായവും വിദ്യാഭ്യാസ സംവിധാനവും വിജ്ഞാനത്തിൻ്റെ സൃഷ്ടിയും യഥാർത്ഥത്തിലുള്ള ഉൽപ്പാദന പ്രക്രിയയും സംയോജിപ്പിക്കേണ്ടതുണ്ട് എന്നാണ്. അതിന്, വിദ്യാഭ്യാസ സംവിധാനത്തിൽ സവിശേഷമായ പരിശീലനം നൽകുന്നതിനുവേണ്ടി വ്യാവസായിക മേഖലയിലുള്ള പ്രഗത്ഭരായ സാങ്കേതിക വിദഗ്ദ്ധരുടെ സജീവമായ പങ്കാളിത്തം ഉറപ്പ് വരുത്തണം. അതു വഴി പ്രത്യേക വിഷയങ്ങളിലൂന്നിയ പഠനങ്ങൾ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമാക്കണം. ഇതോടൊപ്പം പുത്തൻ ആശയ രൂപീകരണത്തിനു വേണ്ടിയുള്ള ഒരു സംസ്കാരം ഉന്നത വിദ്യാഭ്യാസരംഗത്ത് സൃഷ്ടിക്കണം.കേരളത്തിലെ വികസന രംഗത്ത് പുതിയ ശേഷി ആർജ്ജിക്കുന്നതിന് ഉൽപ്പാദനമേഖലയിലടക്കം പുതിയ വിജ്ഞാനം ഉപയോഗപ്പെടുത്തി കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ ഉൽപ്പാദനക്ഷമതയും മൂല്യവർദ്ധനശേഷിയും ഉറപ്പ് വരുത്തുന്നതിലാണ് ഈ നയരൂപീകരണ രേഖകളുടെയെല്ലാം ഊന്നല്‍.

കെ-ഡിസ്കിൻ്റെ തുടക്കം

ദേശീയതലത്തിൽ, സാം പിട്രോഡ ചെയർമാനായി ജയന്തി ഘോഷിനെപ്പോലെ പ്രഗത്ഭരടങ്ങിയ ഒരു സംഘത്തെ നോളജ് കമ്മീഷനായി ഇന്ത്യ നിയമിച്ചത് 2010നു മുന്‍പാണ്. തുടർന്ന് 2010-20 ഇന്നൊവേഷന്‍ ദശകമായിരിക്കുമെന്നും പ്രഖ്യാപനമുണ്ടായി. ഇതിൻ്റെ ഭാഗമായാണ് യുപിഎ സർക്കാർ സാം പിട്രോഡയുടെ അദ്ധ്യക്ഷതയിൽ നാഷണല്‍ ഇന്നൊവേഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചത്. 2015ലെ എന്‍ഡിഎ സർക്കാരിൻ്റെ കാലത്ത് പ്ലാനിംഗ് കമ്മീഷൻ പിരിച്ചു വിട്ട് പകരം നിതി ആയോഗ് രൂപീകരിച്ചതോടെ സാം പിട്രോഡ എന്‍ഐസി അദ്ധ്യക്ഷ പദവി ഉപേക്ഷിച്ചു. അതോടൊപ്പം വിവിധ സംസ്ഥാന ഇന്നൊവേഷൻ കൗൺസിലുകളും പ്രവർത്തനരഹിതമായി. കേരളത്തിൽ മാത്രമാണ് സംസ്ഥാന ഇന്നൊവേഷൻ കൗൺസിൽ പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. വികസന മേഖലയിലെ സുപ്രധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന വിധത്തിൽ കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിൽ (കെ-ഡിസ്ക്) എന്ന പേരിൽ പുനർനാമകരണം ചെയ്‌ത് പ്രവര്‍ത്തനം തുടങ്ങിയത് 2018 മാർച്ച് 24ന് ആയിരുന്നു. കേരളവികസനത്തിൽ പുത്തൻ ആശയ രൂപീകരണത്തിൻ്റെ പ്രാധാന്യം കണ്ടുകൊണ്ട് തുല്യതയിലൂന്നിയ വികസന കുതിച്ചുചാട്ടങ്ങൾക്ക് വേണ്ടിയുള്ള ശ്രമങ്ങളുടെ പ്രധാന ഉപാധിയായിട്ടാണ് കെ-ഡിസ്കിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നൽകിയത്. ആസൂത്രണ, സാമ്പത്തിക വകുപ്പിൻ്റെ കീഴിലുള്ള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നൊവേഷൻ എന്ന ഉപവകുപ്പിന് കീഴിലാണ് കെ-ഡിസ്കിന് വരിക. ഇന്നൊവേഷൻ പ്രോത്സാഹിപ്പിക്കുന്നതിന് മറ്റൊരു സംസ്ഥാനത്തും ഇത്രയും വിപുലമായ ഒരു സംവിധാനമില്ല. സാങ്കേതികവിദ്യാ രംഗത്ത് പുതിയ ദിശകൾ സൃഷ്ടിക്കുകയും ഉൽപ്പന്നങ്ങളുടെയും പ്രക്രിയകളുടെയും നവീകരണം സാദ്ധ്യമാക്കുകയും സാങ്കേതികവിദ്യയുടെ സാമൂഹികവല്‍ക്കരണത്തിന് വഴിയൊരുക്കുകയും പുത്തൻ ആശയങ്ങൾ ഉപയോഗിച്ച് ഉല്പന്നങ്ങള്‍ക്കും പ്രക്രിയകള്‍ക്കും അതുവഴി സംരംഭങ്ങള്‍ക്കും അനുകൂലവും ആരോഗ്യകരവുമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയുമാണ് കൗൺസിലിൻ്റെ ദർശനം.

കേരള വികസനരംഗത്ത് നാളിതുവരെ സഞ്ചരിച്ചിട്ടില്ലാത്ത തന്ത്രപരമായ പാതകൾ ഒരുക്കുകയാണ് കെ-ഡിസ്ക് ചെയ്യുന്നത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങൾ അതിജീവിക്കുന്നതിന് തൊഴിലധിഷ്ഠിത നൈപുണ്യ വികസനത്തിലൂന്നി, വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയും ഉയർന്ന നിലവാരത്തിലുള്ള സമഗ്രമായ സാമൂഹിക സുരക്ഷ ഉറപ്പ് വരുത്തിയും സമ്പൂർണ്ണമായ ആരോഗ്യസേവനം നൽകുന്നതിനായി ഭക്ഷ്യസുരക്ഷയും അതോടൊപ്പം ഉറപ്പ് വരുത്തും. ലിംഗനീതിയും പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗങ്ങളുടെ പങ്കാളിത്തവും സാമ്പത്തിക പരാധീനതകൾക്കകത്ത് നിന്നുകൊണ്ടുതന്നെ ഉറപ്പ് വരുത്തും. ഉൽപ്പാദന മേഖലയിലും വിനോദസഞ്ചാരമടക്കമുള്ള മേഖലകളിലും IT/ITES/ ജൈവസാങ്കേതികവിദ്യാ മേഖലകളിലുമെല്ലാം
മാറ്റങ്ങളുണ്ടാകാൻ വേണ്ടി വൈജ്ഞാനിക മേഖലയിലുണ്ടായിട്ടുള്ള വലിയ കുതിച്ചുചാട്ടങ്ങൾ ഉപയോഗിക്കുമ്പോള്‍തന്നെ ജൈവ വൈവിധ്യവും സങ്കീർണ്ണമായ പരിസ്ഥിതി സന്തുലനവും നഷ്ടപ്പെടുത്താതിരിക്കുകയെന്നതും കെ-ഡിസ്കിൻ്റെ കാഴ്ചപ്പാടാണ്. നിത്യജീവിതത്തിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരത്തിൻ്റെ ഒരു ഉപാധിയെന്നതിനപ്പുറം പുത്തൻ ആശയ രൂപീകരണം അഥവാ ഇന്നൊവേഷന്‍ സമ്പൽസമൃദ്ധിയുടെയും മത്സരാത്മകതയുടെയും പുത്തൻ മൂല്യസൃഷ്ടിയുടെയും പുതിയ തലങ്ങൾ സൃഷ്ടിക്കാനുള്ള മാമൂൽ വിട്ടുള്ള അന്വേഷണങ്ങളുടെ ഉപാധി കൂടിയാകുന്നു എന്നതാണ് കെ-ഡിസ്കിൻ്റെ ദർശനം പറഞ്ഞുവയ്ക്കുന്നത്.

വിജ്ഞാനസമൂഹത്തിൻ്റെ പ്രസക്തി

യുനെസ്കോ പ്രസിദ്ധീകരിച്ച Towards Knowledge Societies എന്ന പുസ്തകത്തിൽ നോളഡ്ജ് സൊസൈറ്റിയെ നിർവ്വചിക്കുന്നത് ഇപ്രകാരമാണ്: “A society having capabilities to identify, produce, transform, disseminate and use information to build and apply knowledge for human development.” വൈജ്ഞാനികമണ്ഡലങ്ങളിലുണ്ടായ മാറ്റങ്ങൾ മൂലം വ്യാവസായിക വിപ്ലവം സാധ്യമാക്കിയ ഒന്നാണ് വിജ്ഞാന സമൂഹം. ഈ മാറ്റങ്ങൾ സമൂഹത്തിൻ്റെ വിവിധതരത്തിലുള്ള പ്രവർത്തനങ്ങളെയെല്ലാം സ്വാധീനിക്കുന്ന തലത്തിലേക്കെത്തിക്കും എന്ന പശ്ചാത്തലത്തിലാണ് വിജ്ഞാന സമൂഹം എന്ന പ്രയോഗം. ഉൽപ്പാദന പ്രവർത്തനങ്ങളിലൂടെ പുതിയ ഉൽപ്പന്നങ്ങളുണ്ടാക്കുന്നതിനും ലാഭമുണ്ടാക്കുന്നതിനും വിറ്റഴിക്കുന്നതിനുമൊക്കെ സഹായിക്കുന്നതിനൊപ്പം നമുക്ക് ആതുര സേവനത്തിനും വിദ്യാഭ്യാസത്തിനുമൊക്കെ അത് ഉപാധിയാകുകയും ചെയ്യും. യുനെസ്കോയുടെ നിർവ്വചനത്തിൽ പ്രത്യേകമായി ചൂണ്ടിക്കാട്ടുന്നത് അത് മുന്നോട്ട് വയ്ക്കുന്ന സാമൂഹിക കാഴ്ചപ്പാടാണ്. അത് ബഹുസ്വരതയോടും പങ്കാളിത്തത്തോടും കൂടിയുള്ള വികസനത്തിൻ്റെ ആശയമാണ്. പുതിയ വിജ്ഞാനം രണ്ടു വിധത്തിൽ ഉപയോഗിക്കാം – ധാരാളമായി സ്വത്ത് സമ്പാദിക്കാൻ വേണ്ടിയും മാനവരാശിക്കു ഗുണകരമായ കാര്യങ്ങൾ ചെയ്യാൻ വേണ്ടിയും. ഉദാഹരണത്തിന് കോവിഡ്-19 വാക്‌സിൻ ഉൽപ്പാദനം തന്നെയെടുക്കാം. മാനുഷിക  കാരണങ്ങൾ കൊണ്ട് ഇതിൽ ഏർപ്പെടുന്നവരുണ്ട്, ധനമോഹത്താൽ നയിക്കപ്പെടുന്നവരുമുണ്ട്. ഇതുപോലെ ബഹുസ്വരതയോടും പങ്കാളിത്തത്തോടും കൂടിയുള്ള വികസനപ്രക്രിയയിലൂന്നുന്നതാണ് യുനെസ്കോ നിർവ്വചനം. വിദ്യാഭ്യാസ മേഖലയിൽ മാനവശേഷിയുടെ വികസനത്തിനും പുത്തൻ വൈജ്ഞാനിക വ്യവസായങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടി മുതൽ മുടക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. ഇതൊക്കെ വിജ്ഞാന സമൂഹത്തിൻ്റെ രൂപാന്തരത്തിന് നിർണ്ണായകമാണ്. വിവിധ സമൂഹങ്ങളുടെ വൈജ്ഞാനിക പ്രവർത്തനങ്ങളുടെ സൂചികകൾ പ്രകാരം ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് നെതെർലൻഡ്‌സും നോർഡിക് രാജ്യങ്ങളും മറ്റുമാണ്. അവരുടെ പ്രധാന സവിശേഷത, വിദ്യാഭ്യാസ പ്രവർത്തനത്തിനും മാനവവിഭവശേഷി മെച്ചപ്പെടുത്താനും ഗവേഷണ പ്രവർത്തനങ്ങൾക്കും വൈജ്ഞാനിക വ്യവസായങ്ങൾക്കും ഊന്നൽ നൽകുന്നുവെന്നതാണ്.

ആഗോള പശ്ചാത്തലം

കേന്ദ്രീകൃത ഉൽപ്പാദനത്തിൽ നിന്നുള്ള മാറ്റമാണ് ആഗോളമുതലാളിത്തത്തിൽ വന്നുകൊണ്ടിരിക്കുന്ന രണ്ട്‌ സുപ്രധാന മാറ്റങ്ങളില്‍ ആദ്യത്തേത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഫോർഡിസ്റ്റ് ഉൽപ്പാദന രീതിയെന്ന് വിളിക്കുന്ന വ്യാവസായിക ഉൽപ്പാദന രീതിയുടെ സവിശേഷത മാനകീകരിക്കപ്പെട്ട ഉൽപ്പന്നങ്ങളും അതിനുവേണ്ടി മാറ്റിവച്ചിട്ടുള്ള സമര്‍പ്പിതമായ യന്ത്രസംവിധാനങ്ങളുടേയും അർദ്ധനിപുണ തൊഴിലാളികളുടെയും സഹായത്താൽ ഉണ്ടാക്കുന്ന അസ്സംബ്ലി ലൈനുകൾ അടിസ്ഥാനമായ വൻതോതിലുള്ള ഉൽപ്പാദനവുമാണ്. ഇതില്‍നിന്ന് നിന്ന് കുറച്ചുകൂടി വശപ്പെടുന്ന മെഷീനുകൾ ഉപയോഗിച്ച് കുറച്ചുകൂടി വിദഗ്ദ്ധരായ തൊഴിലാളികളെ ഉപയോഗിച്ച് മാനകീകൃത ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി differentiated ഉപകരണങ്ങൾ ഉപയോഗിച്ച് വ്യത്യസ്തങ്ങളും അനവധി രൂപഭാവ സവിശേഷതകളുമുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭ്യമാകുന്ന വികേന്ദ്രീകൃത ഉൽപ്പാദന പ്രക്രിയയിലേക്ക്- പോസ്റ്റ് ഫോർഡിസ്റ്റ് സംവിധാനത്തിലേക്ക് ഉള്ള മാറ്റമാണ് ഒന്നാമത്തെ ഘടകം. വിവരസംവേദന സാങ്കേതികവിദ്യ, ജൈവ സാങ്കേതികവിദ്യ, നാനോ സാങ്കേതികവിദ്യ, പുത്തൻ പദാർത്ഥങ്ങൾ ഇവയെല്ലാം കൂടിച്ചേരുന്ന ലോക സാമ്പത്തിക ഫോറം പോലുള്ള സംഘടനകളും മറ്റും നാലാം വ്യാവസായിക വിപ്ലവമെന്ന് സൂചിപ്പിക്കുന്നതാണ് അടുത്തത്. കായികപ്രധാനമായ മനുഷ്യാദ്ധ്വാനത്തിൽ നിന്ന് മസ്‌തിഷ്‌ക്കപ്രധാനമായ വൈജ്ഞാനിക മനുഷ്യാദ്ധ്വാ- നത്തിലേക്കുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റവും അതിലുണ്ടായ വലിയ കുതിച്ചുചാട്ടവുമാണ് അത്. ഈ രണ്ടു ഘടകങ്ങളുടേയും വ്യാപ്തിയെന്താണെന്ന് അന്വേഷിച്ചുകൊണ്ട് കേരളത്തിലെ വിജ്ഞാന സമൂഹ സൃഷ്ടിയുടെ യുക്തിയെക്കുറിച്ചും ആവശ്യകതയെക്കുറിച്ചുമുള്ള പരിശോധനകളിലേക്ക് തിരിച്ചുവരാം. നേരത്തേ സൂചിപ്പിച്ചതുപോലെ, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായിട്ടുള്ള പരമ്പരാഗത ഉൽപ്പാദന സംവിധാനം, അസ്സംബ്ലി ലൈനുകൾ വഴിയും യന്ത്രവൽക്കരണത്തിലൂടെയും മനുഷ്യാദ്ധ്വാനത്തെ പടിപടിയായി ഒഴിവാക്കി കാര്യക്ഷമത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ആദ്യഘട്ടങ്ങളിലൊക്കെയുണ്ടായിട്ടുള്ള ഉൽപ്പാദനക്ഷമതാ വർദ്ധനവ് പിന്നീട് അതുപോലെ തുടരാൻ പറ്റുന്നില്ല എന്ന ഒരു സ്ഥിതിയിലേക്ക്, ഒരു saturationലേക്ക്, എത്തി. കെന്റക്കി ഫ്രൈഡ് ചിക്കൻ ലോകത്ത് എവിടെയും കൊടുക്കുന്നത് ഒരുപോലുള്ള ഫ്രൈഡ് ചിക്കനാണ്. ഡോമിനോസ് കൊടുക്കുന്ന പിസയും ഇതുപോലെ മാനകീകൃതമാണ്. ഒരു അസ്സംബ്ലി ലൈനിൽ നിന്ന് പുറത്ത് വരുന്ന ഉൽപ്പന്നങ്ങൾക നിശ്ചിത ഗുണനിലവാരം അനുസരിച്ചുള്ളതാകണം എന്ന quality management സങ്കേതങ്ങളാണ് അവയുടേത്. അതിൻ്റെ സാമ്പിൾ പരിശോധന നടത്തി ഗുണനിലവാരം നിറവേറ്റാത്തവ പുറന്തള്ളപ്പെട്ടതായി കണക്കാക്കിക്കൊണ്ട് സൃഷ്ടിക്കുന്ന mass manufacturingലൂന്നിയ ഉൽപ്പാദന സംവിധാനവുമാണത്. ഇതിൽനിന്ന് വ്യത്യസ്തമായി, പ്രത്യേക വിപണികൾക്കാവശ്യമായ സവിശേഷ ഉൽപ്പന്നങ്ങളുടെ സാദ്ധ്യത കൂട്ടുകയും അങ്ങനെയുള്ള വിപണികള്‍ക്ക് അനുസൃതമായി ഉൽപ്പാദനം രൂപാന്തരപ്പെടുത്തുകയും ഉൽപ്പാദന സംവിധാനങ്ങൾ വികേന്ദ്രീകരിക്കുകയും കൂറ്റൻ ഉൽപ്പാദന സങ്കേതങ്ങൾക്ക് പകരം വികേന്ദ്രീകൃത സംവിധാനങ്ങൾ ഉപയോഗിക്കുകയും ചെയ്യണം. വികേന്ദ്രീകൃത ഉൽപ്പാദനം നടക്കുമ്പോൾ അർദ്ധനിപുണരായ പണിക്കാർ, അവരുടെ സൂപ്പർവൈസർമാർ എന്ന സംവിധാനത്തിൽ നിന്ന് മാറി അതിൻ്റെ logisticsഉം infrastructureഉം നടത്തിപ്പും എല്ലാം കൈകാര്യം ചെയ്യുന്ന പുതിയ ശേഷികളുള്ള മാനേജ്മെന്റ് വിദഗ്ദ്ധർ വേണ്ടിവരും. വ്യവസായ ശാലകളിലെ നീലക്കോളർ തൊഴിലാളിയിൽ നിന്നും വ്യത്യസ്തമായി ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അതിനു പറ്റുന്ന സങ്കേതങ്ങൾ വികസിപ്പിക്കുന്നതിനും ഉൽപ്പാദനത്തിനും സംയോജനത്തിനും അനുസൃതമായി വേണ്ടിവരുന്ന specialist management cadreകളും technocratകളും പോലുള്ള വെള്ളക്കോളർ വിദഗ്ധരുടെ കൂടുതലായ പങ്കാളിത്തം ഉൽപ്പാദന പ്രക്രിയയിലുണ്ടാകും. പല വികസിതരാജ്യങ്ങളിലും ഉൽപ്പാദന മേഖലയെപ്പോലെതന്നെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ നിർണ്ണായക ഘടകമായി ആരോഗ്യവും വിദ്യാഭ്യാസവുമടക്കമുള്ള സേവനമേഖലകൾ മാറാനിടയുണ്ട്. ഈ രീതിയിൽ, കേന്ദ്രീകരിച്ച ഫോർഡിഷ് സംവിധാന വ്യവസ്ഥയിൽനിന്ന് വികേന്ദ്രീകൃത പോസ്റ്റ് ഫോർഡിഷ് ഉൽപ്പാദന സംവിധാനങ്ങളിലേക്കെത്തുമ്പോള്‍ വ്യാവസായിക തൊഴിൽ സൈന്യത്തിൻ്റെ ഘടനയിൽ വന്ന മാറ്റം, സാങ്കേതിക വിദഗ്ധരുടെയും മാനേജ്മെന്റ് പ്രൊഫഷനലുകളുടെയും വൻതോതിലുള്ള പങ്കാളിത്തവും ആവശ്യമാക്കുന്നു. സമ്പദ് വ്യവസ്ഥയിൽ ഉൽപ്പാദനത്തേക്കാൾ സേവനമേഖലകൾക്ക് കൈവരുന്ന പ്രാധാന്യമാണ് ആഗോള മുതലാളിത്തത്തിൽ വന്നിട്ടുള്ള സുപ്രധാനമായ മാറ്റം. ഈ മാറ്റത്തെയാണ് 60കളിൽ ഓസ്ട്രിയൻ സാങ്കേതിക വിദഗ്ദ്ധനായിരുന്ന പീറ്റർ ഫെർഡിനാൻഡ് ഡ്രക്കർ ‘ജീവനക്കാരുടേതായ ഒരു സമൂഹം വരുന്നു’ എന്ന് വിശേഷിപ്പിച്ചത്. തൊഴിലാളികളുടെ സമൂഹം എന്നതിൽ നിന്ന് വ്യത്യസ്തമാണിത്. അതുപോലെ ഹാർവാർഡിലെ
പ്രൊഫസ്സറായിരുന്ന ഡാനിയേൽ ബെൽ നടത്തിയ പ്രവചനവും മുതലാളിത്തത്തിൻ്റെ ദൂഷ്യങ്ങളില്ലാത്തതും കേന്ദ്രീകൃത സോഷ്യലിസ്റ്റ് ഭരണവ്യവസ്ഥക്ക് ബദലായതുമായ ഒരു വർഗ്ഗരഹിത technocratic സമൂഹത്തിലേക്കുള്ള പരിവർത്തനത്തിനു വേണ്ടിയുള്ള അഭിലാഷങ്ങളെപ്പറ്റിയാണ്. ഇതാണ് വൈജ്ഞാനികസമൂഹത്തിൻ്റെ ആവിർഭാവത്തിൻ്റെ ആദ്യഘട്ടത്തിൽ, 60കളില്‍, ഉണ്ടായ ചർച്ചകളുടെ ആരംഭം. ബെർക്കിലി യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലെ സോഷ്യോളജി പ്രൊഫസ്സറായ മാനുവൽ കാസ്റ്റെൽസ് ഈ കാലഘട്ടത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന വിവര സാങ്കേതിക വിദ്യയുടെ വളർച്ചയുടേയും അതിലൂടെ സാംസ്ക്കാരിക രംഗത്തും സമ്പദ് വ്യവസ്ഥയിലുമൊക്കെയുണ്ടാകാൻ സാദ്ധ്യതയുള്ള മാറ്റങ്ങളുടെയും പശ്ചാത്തലത്തിൽ The Rise of the Network Society, The Power of Identity, End of Millennium എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇവയാണ് കാസ്റ്റെല്സ് വൈജ്ഞാനിക സമൂഹത്തിൻ്റെ ആവിർഭാവത്തെപ്പറ്റിയും അതിൻ്റെ സവിശേഷതകളെപ്പറ്റിയും പരമ്പരാഗത മുതലാളിത്ത സമൂഹത്തിൽ നിന്നും വ്യാവസായിക സമൂഹത്തിൽ നിന്നും വ്യത്യസ്തമായ ഒട്ടേറെ സവിശേഷതകളുള്ള ഒരു സമൂഹമാണ് ഉയരുന്നത് എന്ന ആശയം മുന്നോട്ട് വച്ചത്. ഇതിൻ്റെ തുടർച്ചയാണ് ലണ്ടൻ സ്ക്കൂൾ ഓഫ് ഇക്കണോമിക്സിലെ പ്രൊഫ. റോബിൻ മാൻസെൽ, നെതെർലാൻഡ്‌സിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവിറോണ്മന്റൽ ആൻഡ് ഹൈഡ്രോളജിക്കൽ എഞ്ചിനീയറിങ്ങിലെ എൻജിനീയറായ
യൂട വെൻ എന്നിവർ എഴുതിയ Knowledge Societies: Information Technology for Sustainable Development (by Robin Mansell, Uta Wehn). വിവരസാങ്കേതികവിദ്യയുടെ ഉപയോഗങ്ങൾ ആഗോള മുതലാളിത്തത്തിൻ്റെ വളർച്ചയ്ക്ക് മാത്രമല്ല സുസ്ഥിര വികസനത്തിനും തുല്യതയ്ക്കും ഉപയോഗിക്കാൻ കഴിയുമെന്ന ആശയം വിവരസംവേദന സാങ്കേതിക വിദ്യകളുടെ വിന്യാസത്തിൻ്റെ ഭാഗമായി മുന്നോട്ട് വച്ചതും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരത്തെ കൂടുതൽ  ആഴത്തിലാക്കുന്ന അറിവുള്ളവനും അറിവില്ലാത്തവനും തമ്മിലുള്ള അന്തരം അടക്കമുള്ള പുതിയ പ്രശ്നങ്ങൾ ഉയർന്നു വരുന്നുണ്ട് എന്നു ചൂണ്ടിക്കാട്ടിയതും ഈ പുസ്തകമാണ്. പുത്തൻ സാങ്കേതിക വിദ്യയുടെ ഉപയോഗം ലിംഗനീതിയുടെയും പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗങ്ങളുടെ അവകാശങ്ങളെയും സംബന്ധിച്ച് ഒട്ടേറെ പുതിയ വെല്ലുവിളി- കളുയര്‍ത്തുന്നുണ്ട്. ഇവ പ്രതിരോധിക്കുന്നതിനൊപ്പം ഇത്തരം സാങ്കേതികവിദ്യകൾ വലിയ തോതിലുള്ള സാമൂഹിക അഭിവൃദ്ധിയിലേക്കും മെച്ചപ്പെട്ട ആരോഗ്യ വിദ്യാഭ്യാസ സംവിധാനങ്ങളിലേക്കും ഉൽപ്പാദന സംവിധാനങ്ങളിലേക്കും നയിക്കാൻ കഴിയുന്നതാണെന്നും അതുവഴി സുസ്ഥിര വികസനത്തിന് ഒരു പ്രധാന ചവിട്ടുപടിയായി ഈ സാങ്കേതിക വിദ്യകൾ മാറാനിടയുണ്ടെന്നും അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപിക്കുകയും ചെയ്യുന്നു. വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ ഒക്ടോബർ 2020ലെ റിപ്പോർട്ട് പ്രകാരം 85 ദശലക്ഷം ജോലികളാണ് ലോകത്ത് ഇല്ലാതാകുന്നത്. ലീഗൽ അസിസ്റ്റന്റ്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഡ്രൈവർ തുടങ്ങിയവയെല്ലാം ഇതില്‍പെടും. 2025ഓടെ ഓട്ടോണോമസ് കാറുകൾ പ്രചാരത്തിൽ വരും. യന്ത്രമനുഷ്യർ ഹോട്ടലുകളിലും ആശുപത്രികളിലും അതിഥികളെ വരവേൽക്കുന്നതും സ്കൂൾ പ്രവേശനോത്സവത്തിൽ കുട്ടികളെ സ്വീകരിക്കുന്നതും ഈ കോവിഡ് കാലത്ത് നാം കണ്ട കാഴ്ചകളാണ്. 85 ദശലക്ഷം ജോലികൾ ഇല്ലാതാകുമ്പോള്‍ 97 മില്യൺ പുതിയ ജോലികൾ സൃഷ്ടിക്കപ്പെടും. ഉൽപ്പാദനത്തിലും സേവനത്തിലും ഒരു പ്രധാന ഘടകമായി യന്ത്രങ്ങൾ പ്രചാരത്തിൽ വരും. ഇത്തരം പ്രവർത്തനങ്ങൾക്ക് പുതിയൊരു മാനവ വിഭവശേഷി ആവശ്യമാണ്. പല സ്ഥലങ്ങളിലുള്ളവർ വെബിനാറുകളിലൂടെയും മറ്റും Collaborative working അഥവാ ഏകോപനത്തോടെ പ്രവർത്തിക്കുന്നതിന് പുതിയ കഴിവുകളാണ് ആവശ്യം. ഉദാഹരണത്തിന് അപഗ്രഥന ശേഷി അഥവാ analytical skills ആവശ്യമുള്ള തൊഴിലുകളുടെ എണ്ണം കൂടി. ഡിജിറ്റൽ ലോകത്തെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരമാണ് digital divide. ഫ്രീലാൻസ് ജോലികളുടെ ആവർഭാവമുണ്ടായിരിക്കുന്നു. വ്യവസായ സംരംഭങ്ങൾ ചുരുങ്ങിക്കൊണ്ടിരിക്കുന്നു. അതായത് സ്ഥിരം തൊഴിലുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയും പ്രവൃത്തി അടിസ്ഥാനമായുള്ള തൊഴിലുകൾ കൂടുകയും ചെയ്യുന്നു. പലതരം കമ്പനികളുടെ പലതരം സംവിധായകർക്കു കീഴിൽ വർഷങ്ങളോളം അഭിനയിക്കുന്ന നമ്മുടെ സിനിമാതാരങ്ങളുടെ കാര്യം എടുക്കുക. ഓരോ സിനിമാ പ്രോജക്ടിനും നിശ്ചിത ഫീസ് അവർ വാങ്ങുന്നു. കഴിവ് ഉപയോഗിച്ചുള്ള പ്രവൃത്തി ഒരാളുടെ തൊഴിലിന് അടിസ്ഥാനമാകുന്നതിന് ഉദാഹരണമാണിത്. പ്രഗത്ഭരായ ഡോക്ടർമാർ ഒരേ സമയം പല ആശുപത്രികളിൽ പണിയെടുക്കുകയും സ്വകാര്യ കൺസൾട്ടിങ് നടത്തുകയും ചെയ്യുന്നത് മറ്റൊരുദാഹരണം. ഈ ഉദാഹരണങ്ങളിലെല്ലാം തന്നെ സാധാരണ സർക്കാർ ജോലിയിലെ ശമ്പളത്തിൻ്റെ പതിന്മടങ്ങ് സമ്പാദിക്കാനും ഇവർക്ക് കഴിയുന്നു. Risk എടുക്കാൻ സന്നദ്ധരായ വ്യക്തികൾക്ക് സാദ്ധ്യതകൾ അനന്തമാണ്. Flexibility ആണ് ഇത്തരം തൊഴിലുകളുടെ മറ്റൊരു മാനം. Work-life balance ആണ് മറ്റൊന്ന്. കൂടുതൽ ആൾക്കാരും ജീവിതത്തിലുടനീളം ഒരു ജോലി എന്ന മാനസികാവസ്ഥയുള്ളവരാണ്. അത് മാറണം. എന്നാൽ ഗിഗ് തൊഴിലാളികൾക്ക് ചിലപ്പോൾ അവസരങ്ങൾ സീസണല്‍ ആകാം എന്നത് ഇത്തരം ജോലികളുടെ ഒരു പ്രശ്നം ആണ്. അവിടെയാണ് നമ്മൾ സാമൂഹ്യ സുരക്ഷയ്ക്കുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. പുത്തൻ നൈപുണ്യങ്ങൾ കരസ്ഥമാക്കേണ്ടത് നൂതന തൊഴിലുകൾ നേടിയെടുക്കാൻ അനിവാര്യമാണ്. വിജ്ഞാന സമൂഹത്തിലേക്കുള്ള പരിവർത്തനത്തിലെ ഒരു ഘടകം ആഗോള തലത്തിലെ മാറ്റങ്ങളാണെങ്കിൽ രണ്ടാമത്തെ ഘടകം കേരളത്തിൻ്റെ സവിശേഷ പ്രശ്നങ്ങളാണ്. ഇന്ത്യയിൽ Gross Employment Ratio (GER) അഥവാ ഉന്നത വിദ്യാഭ്യാസത്തിന് എത്തുന്ന കുട്ടികളുടെ അനുപാതം ഏറ്റവും കൂടുതൽ കേരളത്തിലാണ്. അതേസമയം യുവാക്കളിലെ തൊഴിലില്ലായ്മ ഏറ്റവും കൂടുതലും നമ്മുടെ സംസ്ഥാനത്തു തന്നെയാണ്. അതുപോലെ പരമ്പരാഗത വ്യവസായങ്ങളിൽ ഊന്നൽ കൊടുത്തപ്പോൾ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാതെ വരികയും അങ്ങനെ നല്ലൊരു ശതമാനം ആൾക്കാർ പ്രവാസികളാകുകയും ചെയ്തു. അവരുടെ ശേഷികളെ ഉപയോഗപ്പെടുത്തി ഇവിടെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാവുന്നതാണ്. അധികം ആൾക്കാരും കൂടുമാറ്റം നടത്തിയിരുന്ന ഗൾഫ് നാടുകളിലും മറ്റും തദ്ദേശീയരായ ആൾക്കാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകാൻ തുടങ്ങിയപ്പോഴും ഓട്ടോമേഷൻ വർദ്ധിച്ചപ്പോഴും മടങ്ങി വരുന്ന കേരളീയരായ തൊഴിലാളികളെ പുനരധിവസിപ്പിക്കേണ്ടതുമുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ തിരിച്ചുവരവ് വർദ്ധിച്ചു. Under-employment അഥവാ യോഗ്യതയ്ക്കും കഴിവിനും താഴെയുള്ള തൊഴിലിൽ ഏർപ്പെടുന്നത് കേരളം അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നമാണ്. നാം വിദൂര തൊഴിൽ സാദ്ധ്യതകൾ നാട്ടിൽ സൃഷ്ടിച്ചാൽ, നമ്മുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനും ലോകത്തിൻ്റെ നാനാഭാഗങ്ങളിലേക്കും നമ്മുടെ സേവനങ്ങൾ എത്തിക്കാനും കഴിയും. കഴിഞ്ഞ നാലഞ്ച് കൊല്ലങ്ങളായി സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മേഖലയിൽ വലിയ കാൽവയ്പുകൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ dental implant കമ്പനിയും 183 രാജ്യങ്ങളിൽ സാന്നിധ്യമുള്ള blood bag നിർമ്മാണ കമ്പനിയുമൊക്കെ തുടങ്ങിയത് മലയാളി സംരംഭകരാണ്. ഈ പശ്ചാത്തലത്തിലാണ് കേരള നോളഡ്ജ് ഇക്കോണമി മിഷൻ പ്രസക്തമാകുന്നത്.

പ്രാദേശിക പശ്ചാത്തലം

കേരളത്തില്‍ പുത്തൻ വിജ്ഞാന സമൂഹത്തിൻ്റെ സൃഷ്ടിക്കു വേണ്ടിയുള്ള ശ്രമങ്ങൾ നടത്തണം എന്ന് പറയുന്നതിന് കൃത്യവും വ്യക്തവുമായ കാരണങ്ങളുണ്ട്. കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്ന് കയർ, കശുവണ്ടി കൈത്തറി തുടങ്ങി ഏറ്റവുമധികം തൊഴിലാളികളുള്ള പരമ്പരാഗത വ്യവസായങ്ങളാണ്. നാണ്യവിളകളാണ് സമ്പദ് വ്യവസ്ഥയുടെ രണ്ടാമത്തെ അടിസ്ഥാനം. മൂന്നാമത് ഫാക്ടറി വ്യവസായങ്ങളാണ്. ഇത് ഉൽപ്പാദനക്ഷമത കുറഞ്ഞ ഒരു ഘടനയാണ്. ഈ മൂന്ന് മേഖലകളിലും വളരെ ഗൗരവമായ പ്രതിസന്ധികൾ കേരളത്തിലുണ്ട്. വലിയ ഒരു വിഭാഗം മലയാളികൾ വിദേശത്തു പോയി പ്രവാസികളായി അവിടെ നിന്ന് വിദേശനാണ്യം സമ്പാദിച്ച് അയച്ച് തരുന്നതിനാലാണ് അത് നാം കാര്യമായി അറിയാതെ പോകുന്നതും നമ്മുടെ സമ്പദ് വ്യവസ്ഥ നിലനിൽക്കുന്നതും. കയർ, കൈത്തറി, കശുവണ്ടി തുടങ്ങിയ പരമ്പരാഗത വ്യവസായ മേഖലകൾ വളരെ കുറഞ്ഞ ഉൽപ്പാദനക്ഷമതയുള്ളതും വലിയ തോതിൽ മാനവ വിഭവ ശേഷി വേണ്ടവയുമാണ്. നാണ്യ വിളകളെ സംബന്ധിച്ച WTO കരാറിന് ശേഷം വിയറ്റ്നാം, ഇന്തോനേഷ്യ, തായ്‌ലൻഡ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് വലിയ വെല്ലുവിളികൾ നാം നേരിട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ കൃഷി പരിശോധിക്കുമ്പോൾ, നാണ്യ വിളകൾ ഒഴിച്ചു നിർത്തിയാൽ, വിളകളെ സംബന്ധിച്ച ഏറ്റവും വലിയ പ്രശ്‍നം എന്താണ്? ഭൂപരിഷ്കരണം പൂർത്തിയായതോടെ തുണ്ടുവൽക്കരിക്കപ്പെട്ട ഭൂപ്രദേശങ്ങളാണ് (fragmented landholdings) ഇവിടെയുള്ളത്. ഇവയ്ക്ക് പരമ്പരാഗതമായുണ്ടായിട്ടുള്ള, സാധാരണ ഗതിയിൽ വിതരണ ശൃംഖല (Supply Chain) എന്ന് പറയുന്ന, എല്ലാ പിന്തുണാ സംവിധാനങ്ങളും പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. നെൽകൃഷിയിലായാലും തെങ്ങിൻ്റെ കാര്യത്തിലായാലും ഇതാണ് സംഭവിച്ചിരിക്കുന്നത്. അഞ്ചും പത്തും സെന്ററിൽ നടത്തുന്ന തെങ്ങുകൃഷിക്ക്പ രമ്പരാഗതമായി, തടം എടുക്കുകയും വളമിട്ട് കൊടുക്കുകയും തെങ്ങിൻ്റെ തല വൃത്തിയാക്കുകയുമൊക്കെ ചെയ്തിരുന്നു. ഇതിന് ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാതായതോടെ ഈ പ്രവർത്തനങ്ങൾ അനുവർത്തിക്കാൻ കഴിയാത്ത ഒരു അവസ്ഥ നമുക്കുണ്ട്. ഫാക്ടറി വ്യവസായങ്ങളാകട്ടെ രാസ വ്യവസായങ്ങളും ഉയർന്ന ഊർജ്ജ ആവശ്യങ്ങളുള്ളവയാണ്. അത്തരം വ്യവസായങ്ങൾ വലിയ തോതിൽ കേരളത്തിൽ പ്രോത്സാഹിപ്പിക്കാൻ പറ്റില്ല. പരസ്‌പര ബന്ധിതമായ ചില വ്യൂഹങ്ങളുള്ള സവിശേഷമായ ഒരു ആവാസവ്യവസ്ഥയാണ് കേരളത്തിലേതെന്നതിനാലാണത്. അതോടൊപ്പം കേരളത്തിൽ വളരെ ഉയർന്ന ജനസാന്ദ്രതയുമുണ്ട്. ഗൾഫ് രാജ്യങ്ങളിൽ അവിടെയുള്ള ആൾക്കാർക്ക് തൊഴിൽ കൊടുക്കാനുള്ള ദേശീയ പ്രസ്ഥാനങ്ങൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ ഫിപ്പിനോകളും ബംഗ്ലാദേശികളും പാകിസ്ഥാനികളും നമ്മൾ കൈകാര്യം ചെയ്യുന്ന തൊഴിലുകളിൽ നമ്മളെക്കാൾ കുറഞ്ഞ വേതനത്തിന് ഏർപ്പെടാൻ തയ്യാറായി വരുന്നുമുണ്ട്. കായിക പ്രധാനമായ തൊഴിലുകളിലെല്ലാം മലയാളികൾ അവിടെ പ്രതിസന്ധി
അഭിമുഖീകരിക്കുന്നു. ഗൾഫ് നാടുകളിൽ ഓട്ടോമേഷൻ്റെയും പുത്തൻ സാങ്കേതികവിദ്യയുടെയും പ്രയോഗത്തിൻ്റെ ഭാഗമായി മുൻപുണ്ടായിരുന്ന തൊഴിലവസരങ്ങൾ ഇന്ന് ലഭ്യമല്ല. ഇക്കാരണങ്ങളാൽ വിദേശത്തു നിന്നുള്ള നമ്മുടെ വരുമാനത്തിൽ കുറവുണ്ടായിക്കൊണ്ടേയിരിക്കുന്നു. പരമ്പരാഗത വ്യവസായങ്ങളുടെയും നാശോന്മുഖമായി ക്കൊണ്ടിരിക്കുന്ന നാണ്യവിളകളുടെയും വലിയ തോതിൽ മുന്നോട്ട് കൊണ്ട് പോകാൻ കഴിയാത്ത ഫാക്ടറികളുടെയും കേന്ദ്രീകൃത ഉൽപ്പാദനരീതികളില്‍ നിന്നു വ്യത്യസ്തമായി വിജ്ഞാന പ്രമുഖമായ വ്യവസായങ്ങളുടെ ഒരു അടിത്തറയിലേക്ക് കേരളം വളരേണ്ടതുണ്ട്. അതിൻ്റെ പ്രധാന ഘടകങ്ങളായി വർത്തിക്കുന്ന ഒന്ന് പുത്തനാശയ രൂപീകരണത്തിനുള്ള പ്രോത്സാഹനങ്ങളും മറ്റൊന്ന് മെച്ചപ്പെട്ട മാനവ വിഭവശേഷിയുമാണ് (Human capital). പുതുതായി സൃഷ്ടിക്കുന്ന വൈജ്ഞാനിക വ്യവസായങ്ങളാണ് മൂന്നാമത്തേത്. ആ പരിവർത്തനത്തിനുള്ള സാധ്യത ഇന്ന്
കരഗതമാണ്. ആ സാധ്യതയിലേക്ക് മാറുന്നതിനുവേണ്ടിയുള്ള സാഹചര്യം ലോകത്തുണ്ട്. അതുപയോഗിച്ചു മുന്നോട്ട് പോകാൻ കഴിയണം. രണ്ടാമത് സൂചിപ്പിച്ച ഘടകം കായികപ്രധാനമായ ഉൽപാദനപ്രവർത്തനങ്ങളിൽ നിന്ന് വൈജ്ഞാനികപ്രധാനമായ ഉൽപാദനപ്രവർത്തനങ്ങളിലേക്ക് മാറാനുള്ള സാദ്ധ്യതയാണ്. നമുക്കെല്ലാം അറിയാവുന്നതുപോലെ, പതിനായിരം വർഷങ്ങൾക്ക് മുൻപാണ് hunter gatherer societies വനപ്രദേശങ്ങളിൽ മൃഗങ്ങളെ വേട്ടയാടിയും കായ്‌കനികൾ ശേഖരിച്ചും ജീവിച്ചിരുന്നത്. പിന്നീട് നദീതട പ്രദേശങ്ങളിൽ താമസിച്ച് കൃഷിയും മൃഗപരിപാലനവും നടത്തി അവിടെത്തന്നെ സ്ഥിരതാമസമാകാന്‍ തുടങ്ങി. പ്രകൃതിയിലുണ്ടാകുന്ന ഉൽപന്നങ്ങൾ സ്വാഭാവിക തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി നമുക്ക് ആവശ്യമുള്ള ഉൽപ്പന്നങ്ങൾമാത്രം വേർതിരിച്ച് പ്രത്യേകമായി എടുക്കുന്ന പ്രക്രിയയിലേക്കു മാറി. ആസൂത്രിതമായ കൃഷിയും selective breedingലൂടെയുള്ള മൃഗപരിപാലനവുമൊക്കെ അതിൻ്റെ ഭാഗമാണ്. ആ കാലഘട്ടത്തിൽ മാനവസമൂഹത്തിന് ലഭ്യമായിരുന്ന ഊർജ്ജം, ഉൽപ്പാദന പ്രവർത്തനങ്ങൾക്ക് മൃഗങ്ങളിൽ നിന്നു ലഭിക്കുന്ന ഊർജ്ജവും മനുഷ്യൻ്റെ ഊർജ്ജവും മാത്രമായിരുന്നു. അന്നത്തെ ഉൽപ്പാദന സങ്കേതങ്ങൾ കൈത്തൊഴിൽ അടിസ്ഥാനമാക്കിയവയായിരുന്നു (artisanal). അന്നത്തെ വിനിമയ സംവിധാനങ്ങൾ അഞ്ചലോട്ടക്കാരൻ്റെയും പക്ഷികളെയുപയോഗിച്ച് നടത്തിയിരുന്ന തപാൽ സംവിധാനത്തിൻ്റെയും പ്രാക്‌രൂപങ്ങളായിരുന്നു. കേരള സമ്പദ് വ്യവസ്ഥയെയാകെ ഗ്രസിക്കാൻ പോകുന്ന ഈ വെല്ലുവിളികൾകൂടെ കണ്ടു കൊണ്ടാണ് നിലവിലുള്ള ഉൽപ്പാദനക്ഷമത കുറഞ്ഞ സമ്പദ് വ്യവസ്ഥയുടെ ഘടനയിൽ നിന്ന് ഉൽപ്പാദനക്ഷമത കൂടുതലുള്ള സമ്പദ് വ്യവസ്ഥയുടെ അടിത്തറയിലേക്ക് മാറാനുള്ള കർമ്മപരിപാടി കേരള സർക്കാർ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഇത്തരത്തിൽ നാം അഭിമുഖീകരിക്കുന്ന ഗൗരവമായ പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്ന നിലയ്ക്കാണ് വിജ്ഞാന സമൂഹം എന്ന ഈ ആശയം മുന്നോട്ട് വച്ചിട്ടുള്ളത്. ഉൽപ്പാദനക്ഷമത കുറഞ്ഞതും ഇനി
വികസിപ്പിക്കാൻ സാധ്യതയില്ലാത്തതുമായ സമ്പദ് വ്യവസ്ഥയുടെ ഘടകങ്ങളിൽ നിന്നുള്ള മാറ്റം എന്നതാണ് വിജ്ഞാന സമൂഹത്തിലേക്കുള്ള മാറ്റം എന്ന ലക്ഷ്യത്തിൻ്റെ ഏറ്റവും തന്ത്രപരമായ ഘടകം. വിജ്ഞാനം അടിത്തറയായുള്ള ഒരു സമ്പദ് വ്യവസ്ഥയിലേക്ക് മാറിയാൽ നമുക്ക് ഗണ്യമായ പുരോഗതിയുണ്ടാകും. അതാണ് സമ്പദ് വ്യവസ്ഥയുടെ അടിത്തറ മാറ്റുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തിലെ വികസനത്തിൻ്റെ ഒരു പ്രധാന സവിശേഷത പണ്ടുമുതൽക്കു തന്നെ ഈ മേഖലയിൽ ഊന്നൽ കൊടുത്തിട്ടുള്ള സംസ്ഥാനമാണ് നമ്മുടേത് എന്നതാണ്. ഒന്നര പതിറ്റാണ്ട് മുൻപ് പോലും വലിയ ഫാക്ടറികളും വൻതോതിൽ ഊർജ്ജാവശ്യങ്ങളുള്ളതും പരിസര മലിനീകരണം സൃഷ്ടിക്കുന്നതുമായ വ്യവസായങ്ങളുമായിരുന്നു നമ്മുടേത്. ആ മേഖലയിലുള്ള മുതൽമുടക്കല്ല മറിച്ച് വിനോദസഞ്ചാരം പോലുള്ള പുതിയ മേഖലകളിലും ഇലക്ട്രോണിക്, ലൈറ്റ് എഞ്ചിനീയറിംഗ് പോലുള്ള മേഖലകളിലുമൊക്കെയാണ് വ്യാവസായിക വികസനത്തിൻ്റെ കാര്യത്തിൽ ഊന്നല്‍ വേണ്ടത് എന്ന് തീരുമാനിച്ച സംസ്ഥാനമാണ് കേരളം. ചരിത്രപരമായിത്തന്നെ മാനവവികസനത്തിന് പ്രത്യേക ഊന്നൽ നൽകിയിട്ടുള്ള പ്രദേശം.